വാസയോഗ്യമായ വീടുകളില്ല; പാത്തിവയൽ കോളനിയിൽ ദുരിതജീവിതം
പതിറ്റാണ്ടുകൾക്കു മുമ്പ് നിർമിച്ച കോൺക്രീറ്റ് കെട്ടിടങ്ങൾ തകർച്ചഭീഷണിയിൽ
കൽപറ്റ: പാത്തിവയൽ പണിയ കോളനിവാസികള്‍ക്ക് പങ്കുവെക്കാന്‍ ഏറെ സങ്കടങ്ങളുണ്ട്. വാസയോഗ്യമായ വീടില്ലാതെ, വൈദ്യുതിയില്ലാതെ, കുടിവെള്ളമില്ലാതെ ദുരിതവുമായി മല്ലിടുകയാണ് ഇവർ. തങ്ങള്‍ നേരിടുന്ന ഈ ദുരിതങ്ങളെല്ലാം എല്ലാ തെരഞ്ഞെടുപ്പ് കാലത്തും വോട്ടുതേടിയെത്തുന്നവരോട് വിവരിക്കുമെങ്കിലും പ്രശ്നപരിഹാരം അകലെയാണ്. മാനന്തവാടി നഗരസഭ 14 ഡിവിഷനിൽ ഉൾപ്പെടുന്ന പാത്തിവയൽ കോളനിയിൽ ആകെ ഏഴു വീടുകളാണുള്ളത്.
പതിറ്റാണ്ടുകൾക്കു മുമ്പ് നിർമിച്ച കോൺക്രീറ്റ് കെട്ടിടങ്ങൾ തകർച്ചഭീഷണിയിലാണ്. വീട്ടിൽ താമസിക്കാൻ കഴിയാതായതോടെ വലിച്ചുകെട്ടിയ കൂരയില്‍ ജീവിതം തള്ളിനീക്കുകയാണ് കുടുംബങ്ങൾ. ബാക്കി വീടുകളിലായി കൈക്കുഞ്ഞുങ്ങളടക്കം ഏഴുപേരാണ് താമസിക്കുന്നത്. ഈ രണ്ടുവീടുകളും കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലാണ്. തറകള്‍ പൊളിഞ്ഞ് ഭിത്തികള്‍ വീണ്ടുകീറിയ നിലയിലാണ് മിക്ക വീടുകളും. മേല്‍ക്കൂരക്കും കേടുപാടുകള്‍ സംഭവിച്ചതിനാല്‍ മഴ പെയ്താല്‍ വീടുകള്‍ ചോര്‍ന്നൊലിക്കും.രോഗംകൊണ്ടും കോളനിക്കാര്‍ ദുരിതത്തിലാണ്.
കോളനിയിൽ പതിറ്റാണ്ടുകൾക്കു മുമ്പ് കിണർ നിർമിച്ചെങ്കിലും ഇപ്പോൾ ഇത് ഉപയോഗശൂന്യമാണ്. വെള്ളം നിറംമങ്ങി കുടിക്കാൻ പറ്റാതെയായി. ഇതിനായി തൊട്ടടുത്ത വീടുകളെ ആശ്രയിക്കേണ്ടിവരുന്നു. പൊതുശൗചാലയവും ഉപയോഗശൂന്യമായി ദുർഗന്ധം പരത്തുന്നു. നിരവധി പരാതികൾ നൽകിയിട്ടും ഫലമില്ലാത്തതിെൻറ നിരാശയിലാണ് കോളനിവാസികൾ.