റോഡരികിൽ തള്ളിയ ടോയ്ലറ്റ് മാലിന്യത്തിൽ തെന്നി വീണു; കൊച്ചിയിൽ വയോധികൻ മരിച്ചു
കൊച്ചി: റോഡരികിൽ തള്ളിയ മാലിന്യത്തിൽ ചവിട്ടി തെന്നി വീണ വയോധികന് ദാരുണാന്ത്യം. എറണാകുളം കണ്ണമാലി കാട്ടിപ്പറമ്പ് സ്വദേശി ജോർജ്( 92) ആണ് മരിച്ചത്. ടോയ്ലറ്റ് മാലിന്യം വഴിയരികിൽ തള്ളിയതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു.ഇന്ന് പുലർച്ചെയാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ ജോർജ്, വീടിനു മുന്നിലുള്ള കാനയിൽ വീണു കിടക്കുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. ഈ കാനയിലേക്ക് സെപ്ടിക് ടാങ്ക് മാലിന്യങ്ങൾ കൊണ്ടിടുന്നത് പതിവ് കാഴ്ചയാണ്. അതിൽ ചവിട്ടി തെന്നി കാനയിലേക്ക് വീണതാകും മരണകാരണമെന്നാണ് പ്രാഥമിക വിവരം. വീട്ടിൽ ജോർജ് തനിച്ചാണ് താമസം.ഈ പ്രദേശങ്ങളിൽ സ്ഥിരമായി ഇത്തരത്തിൽ മാലിന്യങ്ങൾ തള്ളാറുണ്ടെന്നും രാത്രിയിൽ മാലിന്യം തള്ളുന്നതിന്റെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന ജോർജിനെ മാലിന്യം ഉപേക്ഷിക്കാൻ വന്നവർ അപകടപ്പെടുത്തിയതാണോ എന്ന് സംശയമുണ്ടെന്നും നാട്ടുകാരിൽ ചിലർ പറയുന്നു. പൊലീസ് സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ ആരംഭിച്ചു.