മുണ്ടൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു
പാലക്കാട് : ഉറങ്ങിക്കിടന്ന ഇതരസംസ്ഥാന തൊഴിലാളിയെ സഹപ്രവര്ത്തകന് ഉളികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് ഷരണ്‍പുര്‍ സ്വദേശി റിയാസിന്റെ മകന് വാസിം(21) ആണു കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശ് ഷരണ്‍പുര്‍ സ്വദേശി വാജിദാ(23)ണു കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ സംഭവത്തിനുശേഷം സ്വയം കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
വാജിദിനെ തടയാന്‍ ശ്രമിച്ച ഷരണ്‍പുര്‍ സ്വദേശികളായ വാസിം (23), അസീം (24) എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
മുണ്ടൂര്‍ മന്ദത്തുകാവില്‍ സി.കെ. ഫര്‍ണിച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരുടെ താമസ സ്ഥലത്ത് ഇന്നലെ രാവിലെ ആറരയോടെയാണു സംഭവം. ഫര്‍ണിച്ചര്‍ കടയുടെ പിന്നില്‍ നാല് മുറിയിലായി 13 തൊഴിലാളികളാണു താമസിക്കുന്നത്.
തലേന്നു രാത്രി വാജിദും കൊല്ലപ്പെട്ട വാസിമും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പറയുന്നു. ഞായറാഴ്ച രാവിലെ നേരത്തേ എഴുന്നേറ്റ വാജിദ് കടയില്‍ ഉപയോഗിക്കുന്ന ഉളി ഉപയോഗിച്ച് വാസിമിന്റെ കഴുത്ത് അറുക്കുകയായിരുന്നു. നിലവിളികേട്ട് സമീപത്തെ മുറിയില്‍നിന്ന് ഓടിയെത്തിയ അസീമും സഹോദരനായ വാസിമും വാജിദിനെ തടയാന്‍ ശ്രമിച്ചു. വാസിമിന്റെ കഴുത്തിലും അസീമിന്റെ ഇടതുകൈയിലും വാജിദ് കുത്തിപ്പരുക്കേല്‍പ്പിച്ചു.
കൂടുതല്‍ തൊഴിലാളികള്‍ ഓടിയെത്തിയതോടെ വാജിദ് സ്വയം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചതായാണ് പോലീസ് പറയുന്നത്. മറ്റുള്ള തൊഴിലാളികള്‍ ചേര്‍ന്ന് നാലുപേരെയും ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തുംമുമ്പ് വാസിം മരിച്ചു. തടയാന്‍ ശ്രമിക്കവേ കഴുത്തില്‍ കുത്തേറ്റ വാസിമിനെയും വാജിദിനെയും ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൈയ്ക്ക് പരുക്കേറ്റ അസീം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവമറിഞ്ഞ് ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥ്, മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ്, കോങ്ങാട് ഇന്‍സ്പെക്ടര്‍ ജെ.ആര്. രഞ്ജിത്കുമാര്‍, എസ്.ഐ. കെ. മണികണ്ഠന് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കോങ്ങാട് പോലീസ് കേസെടുത്തു.