കൊറഗ മേഖലയിലെ ആദ്യ ഓക്സിലറി ഗ്രൂപ്പ് മഞ്ചേശ്വരത്ത്;
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു
കൊറഗ മേഖലയിലെ ആദ്യത്തെ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് മഞ്ചേശ്വരം പഞ്ചായത്തിലെ ഗേരുകട്ടെയില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഓക്സിലറി ഗ്രൂപ്പില്‍ പത്ത് അംഗങ്ങളാണുള്ളത്. ജില്ലയിലെ പ്രാക്തന ഗോത്രവിഭാഗത്തില്‍പ്പെട്ട കൊറഗ മേഖലയില്‍ അഞ്ച് ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കാനാണ് കുടുംബശ്രീ ജില്ലാ മിഷന് ലക്ഷ്യമിടുന്നത്. നിലവില്‍ കൊറഗ ഊരുകളില്‍ 28 അയല്‍ക്കൂട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
18നും 40 വയസ്സിനും ഇടയില്‍ പ്രായമുളള കുടുംബശ്രീയില്‍ അംഗങ്ങളല്ലാത്ത വനിതകളെ ഉള്‍പ്പെടുത്തിയാണ് ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നത്. അഭ്യസ്തവിദ്യരായ യുവതികളുടെ തൊഴില്‍ രാഹിത്യം പരിഹരിക്കാനും പൊതുവിഷയങ്ങളില്‍ ഇടപെടാനും സ്ത്രീ ശാക്തീകരണത്തിനുമുള്ള വേദിയായി ഓക്സിലറി ഗ്രൂപ്പുകള്‍ മാറും.
പരിപാടിയില്‍ മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലവീന മൊന്തെരോ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് അംഗം ഗോള്‍ഡന്‍ റഹ്മാന്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍, കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന് എന്നിവര്‍ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍. അബ്ദുള്‍ ഹമീദ്, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് അംഗം ഹാജിറ മൂസ, കുടുംബശ്രീ എ.ഡി.എം.സിമാരായ പ്രകാശന് പാലായി, ഡി ഹരിദാസ്, സി.എച്ച് ഇക്ബാല്‍, സി.ഡി.എസ് മെമ്പര്‍ വിനയ ആല്‍വാരിസ്, ആതിര കെ.പി തുടങ്ങിയവര്‍ സംസാരിച്ചു. ഫോക്ലോര് അവാര്‍ഡ് ജേതാവ് ഉദയന്‍ കുണ്ടംകുഴി ‘അമ്മ മലയാളം പാട്ടും പഠനവും’ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. മഞ്ചേശ്വരം സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ജ്യോതി പ്രഭ സ്വാഗതവും ഡി.പി.എം രത്നേഷ് നന്ദിയും പറഞ്ഞു