വിസ്മയ കാഴ്ചയായി അദ്വൈതിന്റെ കാരിക്കേച്ചർ
കാഞ്ഞങ്ങാട് : കോവിഡ് കാലത്ത് പതിനൊന്നുകാരൻ ഒരുക്കിയ കിടിലൻ കാരിക്കേച്ചർ കോർണർ കൗതുകമാകുന്നു. മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിലെ ആറാം തരം വിദ്യാർഥി അദ്വൈതിന്റെ കരവിരുതിൽ മഹാമാരി കാലത്ത് പിറന്നത് നൂറിലധികം കാരിക്കേച്ചറുകൾ. ആസ്വാദകരുടെ മനസ്സ് തുളച്ചു കയറുന്ന രചനകളാണ് ഓരോന്നും. നാലാം തരത്തിൽ പഠിക്കുമ്പോൾ നീലേശ്വരം തളിയിൽ ചിത്രകലാ വിദ്യാലയത്തിൽ ഏതാനും മാസം ആർട്ടിസ്റ്റ് രാജേഷിന്റെ കീഴിൽ പരിശീലനം നേടിയിരുന്നെങ്കിലും കോവി ഡ് പിടിമുറുക്കിയതോടെ അതു മുടങ്ങി. വീട്ടിലിരുന്ന് ക്രയോണും വാട്ടർ കളറിലും തുടങ്ങിയ ചിത്രരചന പെട്ടെന്നാണ് കാരിക്കേച്ചറുകളിലേക്ക് മാറിയത്. പെൻസിൽ മാധ്യമങ്ങളിലൂടെയായിരുന്നു തുടക്കം. പോസ്റ്റർ കളറിൽ വരക്കാൻ തുടങ്ങിയതോടെ ഓരോ മുഖവും ഭാവനാ സാന്ദ്രവും ജീവൻ തുടിക്കുന്നതുമായി. ഗാന്ധിജി, നെഹ്റു, വൈക്കം മുഹമ്മദ് ബഷീർ, വൈലോപ്പിള്ളി, കുഞ്ഞുണ്ണി മാഷ് , സിനിമാതാരങ്ങളായ അമിതാഭ് ബച്ചൻ , പ്രേം നസീർ , തിലകൻ , മൈക്കേൽ ജാക്സൻ , ശോഭന, ജയസൂര്യ മമ്മൂട്ടി, മോഹൻലാൽ , ഇന്നസെന്റ് … അദ്വൈതിന്റെ മാന്ത്രിക വിരലിന് വഴങ്ങാത്ത മുഖങ്ങളില്ല. സ്കൂൾ അധ്യാപകരായ സണ്ണി.കെ. മാടായിയുടെയും വിനോദ് കുമാർ കല്ലത്തിന്റെയും ശിക്ഷണവും കൂടിയായപ്പോൾ അദ്വിതീയമായി ബാല പ്രതിഭയുടെ വളർച്ച . പടന്നക്കാട് ഞാണിക്കടവ് നിർമ്മാണ തൊഴിലാളിയായ രാജന്റെയും ചരക്കു വില്പന നികുതി വകുപ്പിലെ യു.ഡി.ക്ലാർക്ക് ജിജിയുടെയും മകനാണ് ഈ മിടുക്കൻ.
പടം: അദ്വൈത് വരച്ച കാരിക്കേച്ചറുകൾ.