ബിരിയാണിയില്‍ ഉള്ളിയില്ലെന്ന് പരാതി പറഞ്ഞവരെ ഹോട്ടല്‍ ജീവനക്കാര്‍ തല്ലി,ഉള്ളികഴിക്കുന്നവര് അറിയാന്‍ വില 200 കടന്ന് മുന്നോട്ട്,
ബംഗളൂരു : രാജ്യത്ത് ഉള്ളി വില ദിവസം കഴിയുന്തോറും കുത്തനെ ഉയരുന്നു. ഇന്ന് ബംഗളൂരുവില്‍ ഉള്ളിവില രാജ്യത്ത് ആദ്യമായി കിലോഗ്രാമിന് 200 രൂപയും കടന്ന് പുതിയ റിക്കാഡിട്ടു. ഉള്ളിയുടെ ശരാശരി വില രാജ്യത്ത് 140 അടുത്തെത്തി നില്‍ക്കുമ്ബോഴാണ് ബംഗളൂരുവില്‍ വില 200 കടന്നത്. എന്നാല്‍ മൊത്തവ്യാപാരികള്‍ ക്വിന്റലിന് 14000 രൂപയ്ക്കാണ് വില്‍പ്പന നടത്തുന്നത്. അപ്രതീക്ഷിതമായി പെയ്തിറങ്ങിയ കനത്ത മഴയില്‍ മഹാരാഷ്ട്രയിലേയും കര്‍ണാടകത്തിലേയും ഉള്ളികൃഷിയുടെ എഴുപത് ശതമാനവും ചീഞ്ഞ് നശിച്ചിരുന്നു. ഇതാണ് ഉള്ളിയുടെ ക്ഷാമത്തിന് കാരണമായത്. സാധാരണയായി ഒരു ദിവസം എത്തുന്നതിന്റെ മൂന്നിലൊന്ന് ലോഡുമാത്രമാണ് ബംഗളൂരുവില്‍ എത്തുന്നത്. ഉയര്‍ന്ന വില നല്കി വാങ്ങുന്ന ഉള്ളിക്ക് ഗുണനിലവാരവും കുറവാണെന്ന് പരാതിയുണ്ട്. ഉള്ളി വില വര്‍ദ്ധിച്ചതോടെ കൃത്രിമക്ഷാമത്തിലൂടെ കൊള്ള ലാഭം നേടുന്ന പൂഴ്ത്തിവയ്പ്പുകാരെ തേടിയുള്ള അന്വേഷണവും സര്‍ക്കാര്‍ ശക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് ഉള്ളിയുടെ വില വര്‍ദ്ധനവിന് ഈ മാസം പകുതിയോടെ ശമനമുണ്ടാകുമെന്ന് കരുതുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും വലിയ അളവില്‍ ഉള്ളി ഇറക്കുമതി ചെയ്യുവാന്‍ കേന്ദ്രം നടപടി സ്വീകരിച്ചിരുന്നു. ഡിസംബര്‍ പകുതിയോടെ ഈജിപ്റ്റ്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉള്ളി വിപണിയിലെത്തും.
അതേസമയം ഉള്ളിയുടെ പേരില്‍ ഹോട്ടലില്‍ സംഘര്‍ഷവും പതിവായിട്ടുണ്ട്. കര്‍ണാടകയില്‍ ബെലഗാവിയിലെ ഒരു ഹോട്ടലില്‍ ബിരിയാണിയില്‍ ഉള്ളിയില്ലെന്നത് ചോദ്യം ചെയ്തവരെ ഹോട്ടല്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചു. ഉള്ളിക്ക് തീവിലയായതിനാല്‍ പേരിനുമാത്രമാണ് വിഭവങ്ങളില്‍ ഹോട്ടലുകാര്‍ ഉള്ളി ചേര്‍ക്കുന്നത്. ഉള്ളിയാവശ്യപ്പെട്ടവരെ മര്‍ദ്ദിച്ച ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.