ഇന്ധന നികുതി കുറയ്ക്കാത്തതില്‍ തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം; കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കുറയ്ക്കുമെന്ന് കെ.സുധാകരന്
. രാവിലെ 11 മുതല്‍ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് ചക്രസ്തംഭന സമരം.. ഗതാഗതം തടസ്സപ്പെടില്ല.
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ വാറ്റ് നികുതിയില്‍ ഇളവ് വരുത്താന്‍ തയ്യാറാകാത്തതില്‍ കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്. രാവിലെ 11 മുതല്‍ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് ചക്രസ്തംഭന സമരം.. ഗതാഗതം തടസ്സപ്പെടില്ല.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ധന വാറ്റ് കുറയ്ക്കുമെന്നും സുധാകരന് പറഞ്ഞു. ഇത് സംബന്ധിച്ച്് എ.ഐ.സി..സി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. കേരളം നികുതി കുറയ്ക്കത്തത് പ്രതിപക്ഷം ഉയര്‍ത്തികാട്ടിയപ്പോള്‍ രാജസ്ഥാന് അടക്കം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും നികുതി കുറച്ചിട്ടില്ലെന്ന എതിര്‍വാദം ഭരണപക്ഷവും ഉന്നയിച്ചിരുന്നു.
നികുതി ഇളവില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ളതിനേക്കാള്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ജനം പ്രതീക്ഷിച്ചിരുന്നു. എല്ലാവരേയും നിരാശരാക്കി കൊണ്ടാണ് വില കുറയ്ക്കില്ലെന്ന് വാശിപൂര്‍വ്വം സര്‍ക്കാര്‍ ജനങ്ങളെ ആവര്‍ത്തിച്ച് അറിയിക്കുന്നത്. പ്രയോഗികമായി ജനങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിയേണ്ടതാണ്.
ഇന്ധന നികുതി വര്‍ധനവിലൂടെ 18,000 കോടി രൂപയുടെ അധിക വരുമാനമുണ്ടാക്കിയ സര്‍ക്കാരാണ് പുതിയ സാമ്പത്തിക ശാസ്ത്രം ജനങ്ങള്‍ക്ക് മുന്നില്‍ നിരത്തിവയ്ക്കുന്നത്. ഇത്രയും ഭീകരമായ സാമൂഹിക സാമ്പത്തിക സാഹചര്യം കേരളത്തിലുണ്ടായിട്ടില്ല. ദുരന്തപൂര്‍വ്വമായ സാഹചര്യം കേരളത്തിന്റെ ചരിത്രത്തില്‍ ഓര്‍മ്മയിലില്ല. കേന്ദ്രം ഉണ്ടാക്കിയ ലാഭത്തിന്റെ ഒരു വിഹിതം സംസ്ഥാനവും ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് ജനങ്ങളുടെ നരകയാതന കുറയ്ക്കുന്ന നടപടി സ്വീകരിക്കണം. ഇത് കിറ്റില്‍ ഒതുങ്ങുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.