നൂറു വയസായ അമ്മയുടെ മൃതദേഹം പുഴുവരിച്ച നിലയിൽ; തിരിഞ്ഞുനോക്കാത്ത മക്കൾക്കുനേരെ കേസെടുക്കും
കൊല്ലം: കൊല്ലം പട്ടാഴിയിൽ 100 വയസുകാരിയായ വൃദ്ധയുടെ മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയിൽ വീടിനുള്ലിലാണ് ജാനകിയമ്മ എന്ന വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം ഉണ്ടായിരുന്നു. സംഭവത്തിൽ മക്കൾക്കെതിരെ കേസെടുത്തേക്കുമെന്ന് പൊലീസ് അറിയിച്ചു.ജാനകിയമ്മയുടെ ആറു മക്കളിൽ മൂന്നുപേർ ജീവിച്ചിരിപ്പുണ്ട്. മരുമക്കളും ചെറുമക്കളും ഉൾപ്പെടെ മറ്റ് ബന്ധുക്കളും സമീപമാണ് താമസം. എന്നാൽ മാനസിക വെല്ലുവിളി നേരിടുന്ന മകനോടൊപ്പമായിരുന്നു ജാനകിയമ്മയുടെ താമസം. മക്കളോ മറ്റ് ബന്ധുക്കളോ അമ്മയുടെ കാര്യങ്ങൾ അന്വേഷിക്കാറില്ലായിരുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം. കൊവിഡ് ബാധിതയായിരുന്ന ജാനകിയമ്മയുടെ മരണ വിവരം പുറത്തറിയാൻ വൈകിയത് ബന്ധുക്കളുടെ അശ്രദ്ധയാണെന്നും പരാതിയുയർന്ന സാഹചര്യത്തിലാണ് ബന്ധുക്കൾക്കെതിരെ കേസെടുക്കാൻ പൊലീസ് ആലോചിക്കുന്നത്. പോസ്റ്റ്മാർട്ടം റിപ്പോർട്ട് കൂടി ലഭിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കുന്നിക്കോട് പൊലീസ് അറിയിച്ചു.