പെട്രോളിന് 99, ഡീസലിന് 84 ; കേരളത്തിൽ ഏറ്റവും കുറഞ്ഞ വിലയിൽ ഇന്ധനം കിട്ടുന്ന പമ്പ് ഇതാണ്
കാസർകോട്: ഇന്ധനവില റെക്കോഡ് ഉയരത്തിൽ നിൽക്കുമ്പോഴും ആളുകൾ തിരക്ക് കൂട്ടുന്ന ഒരു പെട്രോൾ പമ്പുണ്ട്. കർണാടക അതിർത്തിയായ തലപ്പാടിയിലാണ് കേരളത്തേക്കാൾ വിലക്കുറവിൽ പെട്രോൾ ലഭിക്കുന്നത്. പമ്പ് കർണാടകയിലാണെങ്കിലും ഇവിടെയെത്തുന്നതിൽ നല്ലൊരു ശതമാനവും കാസർകോട് നിന്നുള്ള മലയാളികളാണ്.കേരളത്തെ അപേക്ഷിച്ച് പെട്രോളിന് അഞ്ചു രൂപയും ഡീസലിന് എട്ടു രൂപയും കുറവായതോടെയാണ് ഇവിടേക്ക് ആവശ്യക്കാരുടെ എണ്ണവും വർദ്ധിച്ചത്. കേരളത്തിൽ 105 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ വാങ്ങുമ്പോൾ തലപ്പാടിയിൽ നിന്നും 99 രൂപയ്ക്ക് വാങ്ങാം. ഡീസലിന് 92 രൂപ കേരളം ഈടാക്കുമ്പോൾ അവിടെ 84 രൂപ മാത്രം മതി. അതിർത്തി പ്രദേശത്തോട് ചേർന്ന ഉപ്പള, ഹൊസങ്കടി, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളുമാണ് തലപ്പാടിയിലെ പ്രധാന ഉപഭോക്താക്കൾ.ദീപാവലി സമ്മാനമായി കേന്ദ്രം ഇന്ധനവില കുറച്ചിരുന്നെങ്കിലും കേരളത്തിൽ കാര്യമായ മാറ്റം ഉണ്ടായില്ല. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം നികുതി ഇളവ് നൽകിയപ്പോൾ കേരളത്തിന്റെ നിലപാട് വ്യത്യസ്തമായിരുന്നു. ഇന്ധന നികുതി സംസ്ഥാനത്തെ പ്രധാന വരുമാനമായതു കൊണ്ട് വില കുറയ്ക്കാനാകില്ലെന്നാണ് സർക്കാരിന്റെ തീരുമാനം.