മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയ 9 വയസ്സുകാരന് കൊല്ലപ്പെട്ട നിലയില്‍
സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് സ്ത്രീകള്‍ അടക്കം നാല് പേര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നാണ് സൂചന. സ്ത്രീകളില്‍ ഒരാള്‍ കുട്ടിയുടെ നാട്ടുകാരി തന്നെയാണ്. ഇവര്‍ നിരീക്ഷണത്തിലാണ്.
കൊല്ലപ്പെട്ട കാര്‍ത്തിക്
മൈസൂരു: മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ ഒമ്പത് വയസ്സുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മെസൂരുവിലെ ഹുന്‍സൂര്‍ താലൂക്കിലെ കുറ്റിക്കാട്ടില്‍ നിന്നാണ് വ്യാഴാഴ്ച മൃതദേഹം കണ്ടെത്തിയത്. നാല് ലക്ഷം രൂപയാണ് അക്രമികള്‍ കുട്ടിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നത്.
ഹുന്‍സൂറിലെ ഹനഗോഡ് സ്വദേശി നാഗരാജിന്റെ മകന് കാര്‍ത്തികിനെയാണ് ബുധനാഴ്ച രാത്രി അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കുറ്റക്കാര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് സ്ത്രീകള്‍ അടക്കം നാല് പേര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നാണ് സൂചന. സ്ത്രീകളില്‍ ഒരാള്‍ കുട്ടിയുടെ നാട്ടുകാരി തന്നെയാണ്. ഇവര്‍ നിരീക്ഷണത്തിലാണ്.
ബുധനാഴ്ച വൈകിട്ട് വീടിനു സമീപത്തുള്ള ഒരു കടയില്‍ നിന്ന് പടക്കങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. വൈകിട്ട് 7.30 ഓടെ കുട്ടിയുടെ പിതാവിന്റെ ഫോണിലേക്ക് അജ്ഞാത നമ്പറില്‍ നിന്ന് വിളിയെത്തി. കുട്ടിയെ തട്ടിയെടുത്തതായി അറിയിച്ചു. തൊട്ടുപിന്നാലെ വന്ന വിളിയില്‍ നാല് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു. പോലീസിനെ അറിയിക്കുന്നതിനു മുന്‍പ് പിതാവ് ഗ്രാമീണരെ കൂട്ടി നാടു മുഴുവന്‍ തിരഞ്ഞു.
പണം കിട്ടില്ലെന്നും പോലീസ് അന്വേഷണം തുടങ്ങിയെന്നും ഉറപ്പായതോടെ അക്രമികള്‍ തിരിച്ചറിയാതിരിക്കാന്‍ കുട്ടിയെ കൊലപ്പെടുത്തി കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.