കെഎസ്ആര്‍ടിസി പണിമുടക്കിൽ വലഞ്ഞ് ജനങ്ങൾ ,യാത്രാക്ലേശം രൂക്ഷമായി
കാസർകോട്: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കിൽ സെര്വീസുകള് മുടങ്ങിയതോടെ യാത്രാക്ലേശം രൂക്ഷമായി. ദേശസാൽകൃത റൂടുകളെ പണിമുടക്ക് കാര്യമായി ബാധിച്ചു. കോവിഡാനന്തരം സ്വകാര്യ ബസുകൾ സെർവീസുകൾ വെട്ടികുറച്ച അവസരത്തിലുണ്ടായ പണിമുടക്കിൽ യാത്രക്കാർ വലയുകയാണ്.
എല്ലാ യൂനിയനുകളും സംയുക്തമായി പണിമുടക്കുന്നതിനാൽ ബസ് സെർവീസ് പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. സ്കൂൾ, ഓഫിസ് എന്നിവിടങ്ങളിലെ ഹാജർ നിലയേയും പണിമുടക്ക് ബാധിച്ചിട്ടുണ്ട്. ദീർഘദൂര യാത്രക്കാരാണ് ഏറെ പെരുവഴിയിലായത്.
ശമ്പളപരിഷ്കരണം നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ് ഇടത്-വലത്, ബിഎംഎസ് യൂനിയനുകള്‍ സംയുക്തമായി സമരം നടത്തുന്നത്. ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷനും, ബിഎംഎസിന്റെ എംപ്ലോയീസ് സംഘും 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫ് 48 മണിക്കൂര്‍ പണിമുടക്കും. സമരത്തെ നേരിടാന്‍ സർകാർ ഡയസ്നോണ്‍ ഉത്തരവിറക്കിയെങ്കിലും ഇതിനെ തള്ളിയാണ് യൂനിനുകൾ സമരവുമായി മുന്നോട്ട് പോകുന്നത്.