അവഗണനയുടെ ചൂളംവിളി. നിത്യയാത്രയ്ക്ക് ട്രെയിനില്ല; കാസർകോട് യാത്രക്കാർ ദുരിതത്തിൽ
കാസർകോട്: അവഗണന മാത്രം പേറാൻ വിധിക്കപ്പെട്ട കാസർകോട് ജനതയ്ക്ക് മറ്റ് എല്ലാ മേഖലയും പോലെ റെയിൽവേയിലും അവഗണന . കേരളത്തിലെ മറ്റു ജില്ലകളോട് റെയിൽവേ അധികൃതർ കാട്ടുന്ന സമീപനമല്ല കാസർകോടിന്റെ കാര്യത്തിൽ പുലർത്തുന്നത് എന്ന പരക്കെ വിമർശനവും ഉയരുന്നുണ്ട്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വിവിധ ഭാഗങ്ങളിൽ കോവിഡാനന്തരം തീവണ്ടി ഗതാഗതം സൗകര്യപ്രദമായി പുനസ്ഥാപിച്ചപ്പോൾ കാസർകോട്ടുകാർ നിത്യയാത്രയ്ക്ക് ട്രെയിനുകളില്ലാതെ ദുരിതം അനുഭവിക്കുകയാണ്.
ദക്ഷിണ റെയില്വേയുടെ റിസർവേഷനില്ലാതെ സഞ്ചരിക്കാവുന്ന എക്സ്പ്രസ് ട്രെയിനുകളിലെ ജനറൽ കോചുകളിൽ നവംബർ ഒന്ന് മുതൽ സീസൺ ടികെറ്റുകൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. അൺ റിസർവ്ഡ് ടികെറ്റിങ് സിസ്റ്റം ഇൻ മൊബൈൽ (യു ടി എസ്) പ്രവർത്തനസജ്ജമാകുകയും സാധാരൺ ടികെറ്റ് ബുകിങ് സേവക് (ജെടിബിഎസ്) കേന്ദ്രങ്ങൾ തുറക്കുകയും ചെയ്തു.
ഇതോടെ ദക്ഷിണ റെയിൽവെയിലെ 23 തീവണ്ടികളിൽ വീണ്ടും റിസർവേഷനില്ലാതെ തന്നെ മുമ്പത്തെ പോലെ കൗണ്ടറിൽ നിന്ന് ടികെറ്റെടുത്തും സീസൺ ടികെറ്റുകാർക്കും യാത്ര ചെയ്യാനാവുന്നുണ്ട്. അതിൽ 19 വണ്ടികളും കേരളത്തിൽ ഓടുന്നവയാണ്. എന്നാൽ ഒരു വണ്ടി പോലും കണ്ണൂരിന് വടക്കോട്ടില്ല.
ഒരൊറ്റ വണ്ടിയിൽ മാത്രമാണ് ഇപ്പോൾ കണ്ണൂർ – മംഗ്ളുറു റൂടിൽ ഡീ റിസർവ്ഡ് കംപാർട്മെന്റുള്ളത്. കണ്ണൂർ – മംഗ്ളുറു ട്രെയിനാണത്. മംഗ്ളൂറിലെ വിവിധ സ്ഥാപങ്ങളിൽ പഠിക്കുന്ന എണ്ണൂറിലധികം വിദ്യാർഥികളും തൊഴിൽ ചെയ്യുന്നവരും നിത്യം ആശ്രയിച്ചിരുന്ന ചെറുവത്തൂർ – മംഗ്ളുറു പാസഞ്ചർ ഇപ്പോൾ ഓടുന്നില്ല. അത് പോലെ തന്നെയാണ് മംഗ്ളുറു – കോഴിക്കോട് പാസഞ്ചറിന്റേയും അവസ്ഥ.
ഈ രണ്ടു വണ്ടികളും ഉടൻ ഡീ റിസർവ്ഡ് ആയി പുനരാരംഭിക്കണമെന്ന് കുമ്പള റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് നിസാർ പെറുവാഡ് ആവശ്യപ്പെട്ടു. മംഗ്ളുറു സെൻട്രൽ – കണ്ണൂർ റൂടിലുള്ള തിരുവനന്തപുരം -മംഗലാപുരം, മലബാർ, ഏറനാട്, എഗ്മോർ, മാവേലി, പരശുറാം, കോയമ്പത്തൂർ എന്നീ എക്സ്പ്രസ് വണ്ടികളിലെങ്കിലും അടിയന്തിരമായി സെകൻഡ് ക്ലാസ് സിറ്റിംഗ് കോചുകൾ ഡീ റിസർവ് ചെയ്യണമെന്നാണ് ആവശ്യം.