പശ്ചിമ ബംഗാള്‍ തദ്ദേശഭരണ വകുപ്പ്മന്ത്രി സുബ്രത മുഖര്‍ജി അന്തരിച്ചു
കൊല്‍ക്കൊത്ത: പശ്ചിമ ബംഗാള്‍ തദ്ദേശ ഭരണ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വലംകൈയുമായ സുബ്രത മുഖര്‍ജി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 9.30 ഓടെയായിരുന്നു. ഈ ആഴ്ച ആദ്യം ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായ മന്ത്രിക്ക് രാത്രി ഹുദയാഘാതം നേരിടുകയായിരുന്നു.
മമത ബാനര്‍ജിയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരതരാളായ സുബ്രത മുഖര്‍ജി മറ്റ് മൂന്ന് വകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്നു. സുബ്രതയുടെ മരണവാര്‍ത്ത അറിഞ്ഞ മമത ബാനര്‍ജി കൊല്‍ക്കൊത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയില്‍ എത്തിയിരുന്നു. പാര്‍ട്ടിയുടെ ജീവനായിരുന്ന സുബ്രതയുടെ വിയോഗം വലിയ ആഘാതമാണ്. അദ്ദേഹത്തിന്റെ മൃതദേഹം കാണാന്‍ പോലും തനിക്ക് കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥി രാഷ്ട്രീയകാലത്ത് മമതയുടെ സീനിയര്‍ ആയിരുന്നു സുബ്രത. അന്നു മുതല്‍ ആരംഭിച്ചതാണ് ഇവരുടെ ഒരുമിച്ചുള്ള പോരാട്ടം. അദ്ദേഹം ഇനി ഞങ്ങള്‍ക്കൊപ്പമില്ലെന്ന് വിശ്വസിക്കാന്‍ തനിക്ക് കഴിയുന്നില്ല. പാര്‍ട്ടിയോട് ഏറ്റവും സമര്‍പ്പിതനായ നേതാവായിരുന്നു അദ്ദേഹം. തനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും മമത പറഞ്ഞു.
മൃതദേഹം ഇന്ന് സര്‍ക്കാര്‍ ഓഡിറ്റോറിയമായ രവീന്ദ്ര സദനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഔദ്യോഗിക വസതിയിലും പൊതുദര്‍ശനത്തിനു ശേഷം വീട്ടിലേക്ക് കൊണ്ടുപോകും.
അരനൂറ്റാണ്ടോളം പാര്‍ലമെന്ററി രംഗത്ത് സജീവമായിരുന്നു സുബ്രത മുഖര്‍ജി. 1972 മുതല്‍ 77 വരെ സിദ്ധാര്‍ത്ഥ ശങ്കര്‍ റോയ് സര്‍ക്കാരില്‍ സാംസ്കാരി മന്ത്രിയായിരുന്നു. ഇന്ദിരാ ഗാന്ധിയ്ക്കൊപ്പം കേന്ദ്രമന്ത്രിസഭയിലും അംഗമായിരുന്നു. 2000 മുതല്‍ 2005 വരെ കൊല്‍ക്കൊത്തയുടെ മേയര്‍ ആയും പ്രവര്‍ത്തിച്ചിരുന്നു.
നാരദ ഒളികാമറ കേസില്‍ അറസ്റ്റിലായ സുബ്രത മുഖര്‍ജി നിലവില്‍ ജാമ്യത്തിലായിരുന്നു. അടുത്ത രക്തസമ്മര്‍ദ്ദവും മറ്റ് ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.
രാഷ്ട്രീയ ഭേദമന്യേ എല്ലാവര്ക്കും ഏറെ പരിചിതനായിരുന്നു സുബ്രത്. അദ്ദേഹത്തിന്റെ വിയോഗം ബംഗാളിന് കടുത്ത നഷ്ടമാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധിര്‍ ചൗധരി അനുശോചന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. തനിക്ക് ജേഷ്ഠ സഹോദരനെ നഷ്ടപ്പെട്ടപോലെയാണ്. ഇന്ത്യന്‍ രഷ്ട്രീയത്തിനു തന്നെ വലിയ നഷ്ടമാണിത്.- അദ്ദേഹം പറഞ്ഞു. ബംഗാള്‍ രാഷ്ട്രീയത്തിലെ മഹത്തായ ഒരു യുഗത്തിന്റെ അന്ത്യമെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഡോ.സുകാന്ത മുജുംദര് പറഞ്ഞത്. സിദ്ധാര്‍ത്ഥ ശങ്കര്‍ റോയ് സര്‍ക്കാരിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായിരുന്ന അദ്ദേഹം ഇപ്പോഴും ജനകീയനായ നേതാവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ബംഗാളിന്റെ ചരിത്രത്തില്‍ താന്‍ കണ്ട ഏറ്റവും മികച്ച രാഷ്ട്രീയക്കാരനായിരുന്നു സുബ്രത മുഖര്‍ജിയെന്ന് സിപിഎം മുതിര്‍ന്ന നേതാവ് ബികാസ് രഞ്ജന്‍ ഭട്ടാചാര്യ പറഞ്ഞു.