വായ്പയ്ക്ക് സർക്കാർ ഗ്യാരന്റി ; സിൽവർ ലൈൻ പദ്ധതിക്ക് പച്ചവെളിച്ചം
തിരുവനന്തപുരം – കാസര്‍ഗോഡ് അര്‍ധ അതിവേഗ റെയില്‍പാത (സില്‍വര്‍ ലൈന്‍) പദ്ധതിക്കായുള്ള വിദേശവായ്പയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ ഗ്യാരന്റി നല്‍കും. ഇക്കാര്യമറിയിച്ച് കേന്ദ്രസര്‍ക്കാരിന് മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കും. പദ്ധതിക്ക് കേന്ദ്രം ഉന്നയിച്ച തടസം ഇതിലൂടെ മറികടക്കാമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ.
ആകെ പദ്ധതിച്ചെലവായ 63,700 കോടി രൂപയില്‍ 33,700 കോടിയാണ് വിദേശവായ്പ പ്രതീക്ഷിക്കുന്നത്. ഇതിനു ഗ്യാരന്റി നല്‍കാനാവില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. കേന്ദ്രം ഗ്യാരന്റി നല്‍കിയില്ലെങ്കില്‍ പദ്ധതി അനിശ്ചിതത്വത്തിലാകുമെന്ന ഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം.
സംസ്ഥാന സര്‍ക്കാരിനും റെയില്‍വേയ്ക്കും പങ്കാളിത്തമുള്ള കെ-റെയില്‍ കോര്‍പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. നിരവധി വിദേശ ധനകാര്യസ്ഥാപനങ്ങള്‍ വായ്പ നല്കാന് തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്.