സമരത്തിലുറച്ച് ബസ്സുടമകൾ ; ബസ് യാത്ര മുടങ്ങും
കാഞ്ഞങ്ങാട്: സംസ്ഥാന വ്യാപകമായി നവംബർ ഒമ്പത് മുതല്‍ ബസ് സര്‍വീസ് നിര്‍ത്താനുള്ള തീരുമാനം പൂര്‍ണമായി നടപ്പാക്കാനുറച്ച് ഉടമകള്‍. സര്‍ക്കാര്‍ സഹായമില്ലാതെ സര്‍വീസ് തുടരാന്‍ കഴിയില്ലെന്ന സ്ഥിതി വന്നതോടെയാണ് ഉടമകള്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയും ഇന്ധനവില വര്‍ദ്ധനവും ബസ് വ്യവസായത്തെ തകര്‍ത്തിരിക്കുകയാണെന്ന് ഉടമകള്‍ പറയുന്നു. നിലവില്‍ 60 ശതമാനം ബസ്സുകള്‍ മാത്രമാണ് ജില്ലയില്‍ സര്‍വീസ് നടത്തുന്നത്. യാത്രക്കാര്‍ കുറഞ്ഞതോടെ വരുമാന നഷ്ടം രൂക്ഷമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് തുടങ്ങി 20 മാസം കഴിഞ്ഞിട്ടും കാര്യമായ ഒരു സഹായവും സര്‍ക്കാര്‍ നല്‍കിയില്ലെന്ന ആക്ഷേപവുമുണ്ട്.
യാത്രാനിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. ഡീസലിന് 62 രൂപ വിലയുണ്ടായിരുന്ന 2018-ല്‍ നിശ്ചയിച്ച മിനിമം ചാര്‍ജായ എട്ട് രൂപയാണ് ഇപ്പോഴും തുടരുന്നത്. ഡീസലിന് 103 രൂപയായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് ഇവരുടെ ആവശ്യം. കിലോമീറ്റര്‍ നിരക്ക് ഒരു രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ആറ് രൂപയാക്കുകയും തുടര്‍ന്നുളള ചാര്‍ജ് യാത്രാ നിരക്കിന്റെ 50 ശതമാനമാക്കണമെന്നും ഉടമകള്‍ പറയുന്നു. കോവിഡ് ഒഴിയുംവരെ സ്വകാര്യ ബസ്സുകളുടെ നികുതി ഒഴിവാക്കണമെന്ന ആവശ്യവും ഉടമകള്‍ ഉന്നയിക്കുന്നുണ്ട്.