തടവുകാരന്റെ ദേഹത്ത് ജയിൽ സൂപ്രണ്ട് ‘തീവ്രവാദി’എന്ന് ‘ചാപ്പകുത്തി’; അന്വേഷണം പ്രഖ്യാപിച്ചു
ചണ്ഡീഗഡ്: പഞ്ചാബിലെ ബർണാല ജില്ലയിലെ ജയിലിൽ വിചാരണ തടവുകാരന്റെ ദേഹത്ത് ജയിൽ സൂപ്രണ്ട് ‘ആദങ്ക്വാദി’ (തീവ്രവാദി’ എന്ന് മുദ്രകുത്തിയെന്ന് പരാതി. സംഭവത്തിൽ വിശദ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. മൻസ ജില്ലയിലെ േകാടതിയിൽ എൻ.ഡി.പി.എസ് (നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട്) പ്രകാരം രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കുമ്പോഴാണ് ഇരുപത്തെട്ടുകാരനായ കരംജിത് സിങ് എന്ന തടവുകാരൻ ജയിൽ സൂപ്രണ്ടിന്റെ പീഡനത്തെ കുറിച്ച് പരാതിപ്പെട്ടത്. മയക്കുമരുന്ന് കേസിലും കൊലക്കേസിലും പ്രതിയാണ് കരംജിത്.
ജയിൽ സൂപ്രണ്ട് ബൽബിർ സിങ് മർദിക്കാറുെണ്ടന്നും ദേഹത്ത് തീവ്രവാദി എന്നു മുദ്രകുത്തിയെന്നുമാണ് ഇയാൾ കോടതിയിൽ പരാതിപ്പെട്ടത്. ‘സഹതടവുകാരുടെ അവസ്ഥ ഏറെ ദയനീയമാണ്. എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് ബാധിച്ചവരെ പ്രത്യേക വാർഡുകളിൽ പാർപ്പിക്കുന്നില്ല. എന്തെങ്കിലും പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാൽ ജയിൽ സൂപ്രണ്ട് തന്നെ അടിക്കാറുണ്ട്’- കരംജിത് പറഞ്ഞു. അതേസമയം, ഈ ആരോപണങ്ങളെല്ലാം ജയിൽ സൂപ്രണ്ട് ബൽബിർ സിങ് നിഷേധിച്ചു. കരംജിത് സ്ഥിരം കുറ്റവാളിയാണെന്നും ഇതുപോലത്തെ ഇല്ലാക്കഥകൾ പതിവായി പ്രചരിപ്പിക്കാറുണ്ടെന്നുമാണ് സൂപ്രണ്ട് ആരോപിക്കുന്നത്.
ലഹരിക്കേസ് മുതൽ കൊലപാതകക്കേസ് വരെ 11 കേസുകളിൽ പ്രതിയാണ് കരംജിത് എന്ന് സൂപ്രണ്ട് ചൂണ്ടിക്കാട്ടി. പൊലീസുകാരോടുള്ള വെറുപ്പ് മൂലമാണ് തങ്ങൾക്കെതിരെ അനാവശ്യമായി ആരോപണങ്ങൾ ഉന്നയിക്കുന്നത്. കരംജിത് മുമ്പ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടെന്നും അയാളുടെ സെല്ലിൽ നിന്ന് മൊബൈൽ ഫോണ് കണ്ടെടുത്തിട്ടുണ്ടെന്നും ജയിൽ സൂപ്രണ്ട് കോടതിയെ അറിയിച്ചു.
അതിനിടെ, സംഭവത്തിൽ വിശദ അന്വേഷണം നടത്തണമെന്ന് ജയിൽ എ.ഡി.ജി.പി പി.കെ. സിൻഹയോട് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖിന്ദർ സിങ് രൺധാവ നിർദേശിച്ചു. ഫിറോസ്പുർ ഡി.ഐ.ജി തജീന്ദർ സിങ് മൗറിനാണ് അന്വേഷണ ചുമതല. തടവുകാരനെ വൈദ്യപരിശോധന നടത്താനും ജയിൽ എ.ഡി.ജി.പിക്ക് നിർദേശം നൽകിയിട്ടുണ്ട്. ജയിലിലെ ഈ കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഉത്തരവാദി കോൺഗ്രസ് സർക്കാർ ആണെന്ന് അകാലിദൾ കുറ്റപ്പെടുത്തി. ജയിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്യണമെന്ന് അകാലിദൾ വക്താവ് മഞ്ചിന്ദർ സിർസ ആവശ്യപ്പെട്ടു.