ലഹരിമരുന്ന് കേസിൽ 23 കാരിക്ക് വ്യവസ്ഥകളോടെ ജാമ്യം, ജാമ്യ കാലയളവില്‍ മാതാവിനൊപ്പം കഴിയണമെന്ന് കോടതി
കൊച്ചി: ലക്ഷങ്ങള്‍ വിലയുള്ള ലഹരിമരുന്ന് പിടികൂടിയ കേസില്‍ അറസ്റ്റിലായ 23 കാരി ആര്യ ചേലാട്ടിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള് ജാമ്യവുമാണ് വ്യവസ്ഥ. ജാമ്യക്കാരില്‍ ഒരാള്‍ ബന്ധുവായിരിക്കണം. ജാമ്യ കാലയളവില്‍ ഹര്‍ജിക്കാരി മാതാവിനൊപ്പം കഴിയണമെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും പാസ്പോര്‍ട്ട് പത്ത് ദിവസത്തിനകം കോടതിയില്‍ ഹാജരാക്കണമെന്നുമുള്ള വ്യവസ്ഥകൾ പ്രകാരമാണ് ജാമ്യം. ജസ്റ്റിസ് കെ. ഹരിപാലാണ് കേസ് പരിഗണിച്ചത്.ജനുവരി 30-ന് രാത്രിയിലാണ് എം.ഡി.എം.എ. വിഭാഗത്തിലുള്ള ലഹരിമരുന്നുകള്‍, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി കാസര്‍കോട് സ്വദേശി വി.കെ. സമീര്‍, കോതമംഗലം സ്വദേശി അജ്മല്‍ റസാഖ്, ആര്യ ചേലാട്ട് എന്നിവര്‍ പിടിയിലായത്.