കൊച്ചി: ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് നല്‍കിയിരുന്ന സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. കെമാല്‍ പാഷയുടെ സുരക്ഷയ്ക്കായി നാല് പൊലീസ് ഉദ്യോഗസ്ഥരെയാണ് നേരത്തെ വിന്യസിച്ചിരുന്നത്. ഈ നാല് പേരേയും അഭ്യന്തരവകുപ്പ് പിന്‍വലിക്കുകയാണെന്ന അറിയിപ്പ് ഇന്നലെയാണ് കെമാല്‍ പാഷയ്ക്ക് ലഭിച്ചത്. ഇന്ന് തന്നെ ഇവരെ കെമാല്‍ പാഷ റിലീവ്ചെയ്തു. സര്‍ക്കാരിനെ വിമര്‍ശിച്ചതിലുള്ള പ്രതികാര നടപടിയായിട്ടാണ് തന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചതെന്ന് ജസ്റ്റില് കെമാല്‍ പാഷ . ഇസ്ലാമിക് സ്റ്റേറ്റ്സില്‍ നിന്നും ഭീഷണിയുണ്ടെന്ന പേരിലാണ് തനിക്ക് സായുധ സുരക്ഷ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ അനുവദിച്ചത്. കനകമലക്കേസ് വന്നപ്പോള്‍ അവര്‍ ലക്ഷ്യമിട്ട ഹൈക്കോടതിയിലെ ജഡ്ജി ഞാനായിരുന്നുവെന്ന് അന്ന് പോലീസ് അറിയിച്ചിരുന്നു.
തീവ്രവാദികള്‍ എന്നെ ലക്ഷ്യമിട്ടത് എന്തിനാണെന്ന് എനിക്കറിയില്ല. അതിന്റെ പേരില്‍ എനിക്ക് തന്ന സുരക്ഷ ഇപ്പോള്‍ പിന്‍വലിക്കാനുള്ള കാരണമെന്താണെന്നും എനിക്ക് അറിയില്ല. എന്തായാലും സുരക്ഷ നല്‍കാനോ പിന്‍വലിക്കാനോ താന്‍ ആവശ്യപ്പെട്ടിട്ടില്ല. പൊലീസ് അസോസിയേഷന് എന്നോടുള്ള താത്പര്യക്കുറവാണ് സുരക്ഷ പിന്‍വലിക്കുന്നതിന് കാരണമായത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. വാളയാര്‍ കേസിലെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നീതി കിട്ടാത്ത വിഷയത്തില്‍ ഞാന്‍ വലിയ വിമര്‍ശനം നടത്തിയിരുന്നു.കേസ് അന്വേഷിച്ച ഒരു ഡിവൈഎസ്പി ഒന്‍പത് വയസുള്ള പെണ്‍കുട്ടിയുടെ സമ്മതതോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നു പറഞ്ഞു ആ ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കണമെന്ന് ഞാന്‍ പറഞ്ഞു. അതൊക്കെ അവര്‍ക്ക് വിഷമമുണ്ടാക്കി കാണും. പിന്നീട് മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവത്തിലും താന്‍ സര്‍ക്കാരിനേയും പൊലീസിനേയും വിമര്‍ശിച്ചിരുന്നു.