കുഞ്ഞിമംഗലത്ത് വ്യാപക കണ്ടൽ നശീകരണം; മണ്ണിട്ട് തണ്ണീർത്തടം നികത്തി
പയ്യന്നൂർ: പരിസ്ഥിതിലോല പ്രദേശമായ കുഞ്ഞിമംഗലം പുല്ലങ്കോട് പുഴയോരത്ത് വൻതോതിൽ കണ്ടൽ നശിപ്പിച്ച് നീർത്തടം മണ്ണിട്ടുനികത്തുന്നു. സ്വകാര്യ വ്യക്തി ഗോഡൗണുകൾ നിർമിക്കാനായാണ് വൻതോതിൽ കണ്ടൽക്കാടുകൾ നശിപ്പിച്ച് മണ്ണിട്ട് നികത്തിയതത്രെ. കണ്ടൽ തകർത്ത് നീർത്തടം നികത്തിയത് വൻ പ്രതിഷേധത്തിന് ഇടയാക്കി. പരിസ്ഥിതി പ്രവർത്തകർ നൽകിയ പരാതിയിൽ വനം വകുപ്പ് നടപടി തുടങ്ങി.
നികത്തിയ മണ്ണെടുത്ത് പൂർവ സ്ഥിതി സ്ഥാപിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കുഞ്ഞിമംഗലം പൗരാവകാശ പരിസ്ഥിതി സമിതി ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു. വേലിയേറ്റ സമയത്ത് ജലനിരപ്പെത്തുന്ന സ്ഥലത്തുനിന്നും 50 മീറ്ററിനുള്ളിൽ ഒരു നിർമാണ പ്രവർത്തനങ്ങളും അനുവദനീയമല്ലെന്നിരിക്കെയാണ് ഇവിടെ കണ്ടൽക്കാടുകൾ വൻതോതിൽ നശിപ്പിച്ച് മണ്ണിട്ട് നികത്തിയതെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു. നികത്തിയ മണ്ണ് സ്വകാര്യ വ്യക്തിയുടെ സ്വന്തം ചെലവില്‍ നീക്കം ചെയ്ത് പൂർവ സ്ഥിതി സ്ഥാപിക്കാനാവശ്യമായ കർശന നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും ഇത്തരം നിയമലംഘനത്തിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പൗരാവകാശ പരിസ്ഥിതി സമിതി ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയതായി പ്രവർത്തകർ പറഞ്ഞു. അല്ലാത്തപക്ഷം വൻ പ്രക്ഷോഭം നടത്തുമെന്ന് സമിതി ചെയർമാൻ പി.പി. രാജൻ, കൺവീനർ മന്ദ്യത്ത് ഭരതൻ, പി. കുഞ്ഞിക്കണ്ണൻ തെരു, എം.പി. പ്രേമജൻ മൂശാരിക്കൊവ്വൽ, ഇ. രതീഷ്കുമാര്‍ കുതിരുമ്മൽ എന്നിവര്‍ അറിയിച്ചു.