പള്ളിയിലെത്തിയപ്പോൾ മതം മാറണമെന്ന് പറഞ്ഞു, വഴങ്ങാതായപ്പോൾ “ഒരു ഓഫർ” കൊടുത്തു; സഹോദരൻ ഭർത്താവിനെ മർദ്ദിച്ച സംഭവത്തിൽ യുവതിയുടെ വെളിപ്പെടുത്തൽ
ചിറയിൻകീഴ്: ഇതര മതത്തിൽ നിന്ന് വിവാഹം കഴിച്ച യുവാവിനെ പട്ടാപ്പകൽ നാട്ടുകാരുടെയും ഭാര്യയുടെയും മുന്നിൽവച്ച് ഭാര്യാസഹോദരൻ തല്ലിച്ചതച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്.ചിറയിൻകീഴ് ആനത്തലവട്ടം എം.എ നിവാസിൽ മിഥുൻ കൃഷ്ണ(29)നാണ് മർദ്ദനമേറ്റത്.മിഥുൻ കൃഷ്ണന്റെ ഭാര്യ ദീപ്തി ജോർജി(24)ന്റെ സഹോദരൻ ആനത്തലവട്ടം ബീച്ച് റോഡിൽ ദീപ്തി കോട്ടേജിൽ ഡോ. ഡാനിഷ് ജോർജ്(29) മരക്കഷണങ്ങളും ഓലമടലും ഉപയോഗിച്ചാണ് മിഥുനെ മർദ്ദിച്ചത്. മിഥുന്റെ പരാതിയിൽ എസ്.സി.എസ്.ടി ആക്ട് പ്രകാരമാണ് ഡോക്ടർക്കെതിരെ കേസെടുത്തതെന്ന് ചിറയിൻകീഴ് പൊലീസ് പറഞ്ഞു.വ്യാപകമായി പ്രചരിച്ച മർദ്ദനത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. തണ്ടാൻ സമുദായത്തിൽ നിന്നുള്ള മിഥുനും ക്രിസ്ത്യൻ സമുദായത്തിലുള്ള ദീപ്തിയും രണ്ടുവർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. കടയ്ക്കാവൂർ അക്ഷയ സെന്ററിലെ ജീവനക്കരനായ മിഥുനുമായി അവിടെ വച്ചാണ് ദീപ്തി പരിചയപ്പെട്ടത്. ഡാനിഷ് ജോർജ് എറണാകുളത്ത് സ്വന്തം ക്ലിനിക് നടത്തുന്ന ഡോക്ടറാണ്.മിഥുൻ കൃഷ്ണനെ വീട്ടുകാരറിയാതെ കഴിഞ്ഞ 28നാണ് ബോണക്കാടുള്ള അയ്യപ്പ ക്ഷേത്രത്തിൽ വച്ച് ദീപ്തി വിവാഹം കഴിച്ചത്. മകളെ കാണാനില്ലെന്ന് വീട്ടുകാർ പരാതിപ്പെട്ടതിനെത്തുടർന്ന് ഇരുവരെയും ഫോണിൽ ബന്ധപ്പെട്ട് 29ന് ചിറയിൻകീഴ് സ്റ്റേഷനിൽ വിളിച്ചുവരുത്തി. ഭർത്താവിനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് അറിയിച്ചതിനെത്തുടർന്ന് മിഥുനോടൊപ്പം വിടുകയായിരുന്നു. 31ന് വിവാഹം നടത്താമെന്നും മതം മാറേണ്ടെന്നും പറഞ്ഞ് സഹോദരൻ ഡാനിഷ് പള്ളിയിലേക്ക് വിളിച്ചുവരുത്തി.പള്ളിയിലെത്തിയ മിഥുനോട് മതം മാറണമെന്ന് ഡാനിഷ് നിർബന്ധിച്ചു. വഴങ്ങാതിരുന്നപ്പോൾ പണം വാങ്ങി ഒഴിയണമെന്ന് ഭീഷണിപ്പെടുത്തി. ഇതിനൊന്നും ഇരുവരും സമ്മതിച്ചില്ല. തുടർന്ന് അമ്മയ്ക്കു കാണാനെന്നു പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീടിനുമുന്നിൽ വച്ച് സഹോദരൻ, മിഥുനെ മർദ്ദിച്ചു. അടിയേറ്റ് ബോധരഹിതനായി വീണിട്ടും ഡാനിഷ് മർദ്ദിച്ചു. അന്നുതന്നെ ചിറയിൻകീഴ് പൊലീസിൽ പരാതി നൽകിയിയെങ്കിലും കേസെടുക്കാൻ കൂട്ടാക്കിയില്ലെന്ന് ദീപ്തി പറഞ്ഞു.
പൊലീസ് പറയുന്നത്വീടിനടുത്ത് കാർ നിറുത്തി ദീപ്തി ഇറങ്ങിയപ്പോൾ വീട്ടിലേക്ക് കയറേണ്ടെന്ന് അമ്മ പറഞ്ഞു. മിഥുന്റെ കൂട്ടുകാരൻ ഈ സമയം അമ്മയ്ക്കെതിരെ സംസാരിച്ചു. അതിൽ പ്രകോപിതനായാണ് ഡാനിഷ് മിഥുനെയും തടയാനെത്തിയ ദീപ്തിയെയും ആക്രമിച്ചതെന്നാണ് ഡാനിഷിന്റെ വീട്ടുകാരിൽനിന്നുകിട്ടിയ വിവരം. പരാതികിട്ടിയ ഉടൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡാനിഷ് ഒളിവിലാണ്. തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം നടന്നു വരികയാണെന്നും ചിറയിൻകീഴ് സി.ഐ ജി.ബി. മുകേഷ് പറഞ്ഞു.