കൂടുതൽ ഇളവുകൾ: വിവാഹത്തിന് 200 പേർ വരെയാകാം, ഒറ്റ ഡോസെടുത്തവർക്ക് സിനിമയ്ക്ക് കേറാം
തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിൽ കുറവ് വന്നതോടെ കൂടുതൽ ഇളവുകൾ നൽകി കേരളം. നിലവിൽ അമ്പത് പേർക്ക് പങ്കെടുക്കാവുന്ന വിവാഹാഘോഷങ്ങൾക്ക് ഇനി മുതൽ 200 പേർ വരെ ആകാം. ഒരു ഡോസ് വാക്സിനെടുത്തവർക്ക് തീയേറ്ററിലും പ്രവേശിക്കാം.ഇന്ന് നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനമായത്. കഴിഞ്ഞ മാസം അവസാനത്തോടെ തീയേറ്ററുകൾ തുറന്നെങ്കിലും രണ്ടു ഡോസ് വാക്സിനെടുത്തവർക്ക് മാത്രമായിരുന്നു പ്രവേശനമുണ്ടായിരുന്നത്.ഇന്നലെ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സിനിമാചർച്ചയിൽ ഉയർന്ന പ്രധാനപ്പെട്ട ആവശ്യവും ഈ നിബന്ധന മാറ്റണമെന്നതായിരുന്നു. അതും കണക്കിലെടുത്താണ് ഒറ്റ ഡോസെടുത്തവർക്കും തീയേറ്ററിൽ പ്രവേശിക്കാമെന്ന തീരുമാനം വന്നത്.വിവാഹ മരണാനന്തര ചടങ്ങുകളിലും കൂടുതൽ ആളുകൾക്ക് പങ്കെടുക്കാം. അടച്ചിട്ട ഹാളിൽ നടക്കുന്ന വിവാഹ ചടങ്ങുകളിൽ നൂറ് പേർക്കും പുറത്തു നടക്കുന്ന ചടങ്ങുകളിൽ ഇരുന്നൂറ് പേർക്കുമാണ് അനുമതി നൽകിയിരിക്കുന്നത്.