ആധാർ ദുരുപയോഗം ചെയ്താൽ പിഴ ഒരു കോടി രൂപ; പുതിയ നിയമം ഇങ്ങനെ
ന്യൂഡൽഹി : ആധാർ നിയമലംഘനം നടത്തിയാൽ ഒരു കോടി രൂപ പിഴ ഈടാക്കാൻ തീരുമാനം. ആധാർ വിവരങ്ങൾ ഹാക്ക് ചെയ്യുന്നതും മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങൾ നൽകുന്നതും കുറ്റകരമാണ്. അതിന്റെ ഭാഗമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റിക്ക് അധികാരം നൽകുന്ന ചട്ടം വിജ്ഞാപനം ചെയ്തു. 2019ൽ പാർലമെന്റ് പാസാക്കിയ ആധാർ നിയമത്തിന് അനുസൃതമായാണ് ചട്ടങ്ങൾ ഐ.ടി മന്ത്രാലയം വിജ്ഞാപനം ചെയ്തിരിക്കുന്നത്.ചട്ടം നിലവിൽ വന്നതോടെ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കാനും അതോറിറ്റിക്ക് സാധിക്കും. ലംഘനങ്ങളിൽ നടപടിയെടുക്കാനും പരാതി പരിഹാരത്തിനും കേന്ദ്രസർക്കാരിലെ ജോയിന്റ് സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കും. പിഴ അടയ്ക്കാത്തവരുടെ സ്വത്ത് കണ്ടുകെട്ടാനും നിർദേശിക്കാം. നടപടി എടുക്കുന്നതിന് മുമ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ആരോപണവിധേയർക്ക് വിശദീകരണം നൽകാൻ അവസരം നൽകുകയും വേണം.