കെ.എസ്.ആര്.ടി.സി ബസ് തട്ടി വെയിറ്റിംഗ് ഷെഡ് ഇടിഞ്ഞുവീണു; അഞ്ച് കുട്ടികളടക്കം ആറ് പേര്‍ക്ക് പരിക്ക്
വളവ് തിരിഞ്ഞുവരുന്നതിനിടെ ബസിന്റെ സൈഡ് വെയിറ്റിംഗ് ഷെഡില്‍ തട്ടുകയായിരുന്നു. കാലപ്പഴക്കമുള്ള വെയിറ്റിംഗ് ഷെഡായിരുന്നു. ഷെഡിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും വീഴാത്തതിനാലാണ് കൂടുതല്‍ ദുരന്തമുണ്ടാകാതിരുന്നതെന്ന് പഞ്ചായത്തംഗം രാജേന്ദ്രന് പറഞ്ഞു.
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസ് വെയിറ്റിംഗ് ഷെഡില്‍ തട്ടി. ഷെഡ് ഇടിഞ്ഞുവീണ് അഞ്ച് കുട്ടികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തിരുവനന്തപുരം ആര്യനാട് ഈഞ്ചപുരിയിലാണ് രാവിലെ അപകടമുണ്ടായത്.
രാവിലെ 8.35 ഓടെയാണ് അപകടം. വളവ് തിരിഞ്ഞുവരുന്നതിനിടെ ബസിന്റെ സൈഡ് വെയിറ്റിംഗ് ഷെഡില്‍ തട്ടുകയായിരുന്നു. കാലപ്പഴക്കമുള്ള വെയിറ്റിംഗ് ഷെഡായിരുന്നു. ഷെഡിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും വീഴാത്തതിനാലാണ് കൂടുതല്‍ ദുരന്തമുണ്ടാകാതിരുന്നതെന്ന് പഞ്ചായത്തംഗം രാജേന്ദ്രന് പറഞ്ഞു.
പാങ്കാവില്‍ നിന്നും നെടുമങ്ങാട്ടേക്ക് പോകുകയായിരുന്നു ബസ്. പരിസരവാസികളാണ് അപകടത്തില്‍ പെട്ടവരെല്ലാം. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. ഇവരില്‍ ഒരാള്‍ കോളജ് വിദ്യാര്‍ത്ഥിയും മറ്റുള്ളവര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുമാണ്. സോമന്‍നായര്‍ (65) എന്നയാളുടെ പരിക്കാണ് ഗുരുതരം. ഷെഡ് ഇടിഞ്ഞുവീഴുന്നതുകണ്ട് പരിസരത്തുണ്ടായിരുന്നവര്‍ ഓടിമാറിയതില്‍ കൂടുതല്‍ അപകടം ഒഴിവായി.
നാല് തൂണുകളില്‍ കോണ്‍ക്രീറ്റ് വാര്‍ത്ത് വച്ചിരുന്ന ഷെഡായിരുന്നു. കാലപ്പഴക്കമുള്ളതിനാല്‍ ഷെഡ് പൊളിച്ചുപണിയുന്നതിന് പല തവണ പഞ്ചായത്ത് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടി ഉണ്ടായില്ലെന്ന് പഞ്ചായത്തംഗം രാജേന്ദ്രന് പറഞ്ഞു. സ്റ്റോപ്പില്‍ നിര്‍ത്തുന്നതിന് ബസ് സാവകാശമാണ് വന്നത്. ബസിന്റെ മധ്യഭാഗമാണ് ഷെഡില്‍ തട്ടിയത്. ബസ് യാത്രക്കാരില്‍ ആര്‍ക്കും പരിക്കില്ലെന്നും പഞ്ചായത്തംഗം പറഞ്ഞു.
ഈ റൂട്ടില്‍ ബസ് സര്‍വീസ് നിര്ത്തിവച്ചിരുന്നതായിരുന്നു. വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യത്തിനായി ഇന്നലെ മുതലാണ് സര്‍വീസ് പുനരാരംഭിച്ചത്.