പ്രാഥമിക പരിശോധനയിൽ പീഡനം ഇല്ല ; ആലപ്പുഴയിലെ കൂട്ട ബലാത്സംഗത്തിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്
ആലപ്പുഴ: ആലപ്പുഴയിലെ മുട്ടാറിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്ന കേസിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പ്രാഥമിക വൈദ്യ പരിശോധനയിൽ പീഡനം നടന്നിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച റിപ്പോർട്ട്. വിശദമായ പരിശോധനയ്ക്ക് ഇന്ന് പെൺകുട്ടിയെ വിധേയയാക്കും.കുട്ടനാട് മുട്ടാറിൽ സ്കൂൾ തുറന്ന ദിവസം ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്ക് ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനിയെ അഞ്ചു പേർ ചേർന്ന് പീഡിപ്പിച്ചെന്നാണ് രാമങ്കരി പൊലീസിന് പരാതി ലഭിച്ചത്. വിജനമായ ഉൾവഴിയിൽ വച്ച് പിടിച്ചുകൊണ്ട് പോയി തൊട്ടടുത്ത ശ്മശാനത്തിൽ എത്തിച്ച ശേഷം പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. രക്ഷപ്പെട്ട് വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കൾക്ക് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്.ജില്ലാ പൊലീസ് മേധാവി ജി ജയദേവന്റെ നേതൃത്വത്തില്ലുള്ള സംഘം ഇന്ന് ഉച്ചയോടെ പരാതിയില്‍ പറയുന്ന സ്ഥലത്തെത്തി പരിശോധന നടത്തും. സംഭവത്തിൽ പ്രദേശ വാസികളുടെയും സ്കൂൾ അധികൃതരുടെയും മൊഴിയെടുത്തു. സംഭവത്തിനു ശേഷം ചങ്ങനാശ്ശേരിയിലെ ബന്ധുവീട്ടിലേക്ക് മാറിയ കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.