രാജ്യത്ത് നികുതി ഭീകരത; മോദി സര്‍ക്കാര്‍ മോഷ്ടിക്കാനിറങ്ങുമ്പോള് സംസ്ഥാനം ഫ്യൂസ് ഊരി കൊടുക്കുന്നു: പ്രതിപക്ഷം
സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മറുപടി നല്കി. കോണ്‍ഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും കേരളത്തേക്കാള്‍ നികുതി കൂടുതലാണ്.
തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിന്റെ പേരില്‍ സമാനതകളില്ലാത്ത കൊള്ള കേന്ദ്രസര്‍ക്കാര്‍ നടത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് പ്രതിപക്ഷം. ഇന്ധനവില വര്‍ധനയ്ക്കെതിരെ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷം. കോണ്‍ഗ്രസില്‍ നിന്ന് ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇന്ധനത്തിന്റെ അധിക നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ടാണ് തയ്യാറാകാത്തതെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.
നരേന്ദ്ര മോദി കക്കാന്‍ ഇറങ്ങുമ്പോള്‍ ഫ്യൂസ് ഊരി കൊടുക്കുന്ന നിലയിലാണ് സംസ്ഥാനം. ഇന്ധനവിലയിലൂടെ നികുതി ഭീകരതയാണ് രാജ്യത്ത് നടക്കുന്നത്. ഇന്ധനവില വര്‍ധനവിലെ ജനരോഷത്തില്‍ നിന്ന് സംഘപരിവാറിനെ രക്ഷിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. സംസ്ഥാനത്ത് അടിസ്ഥാന എണ്ണവില ഇപ്പോള്‍ 36 ശതമാനം മാത്രമാണ്. ബാക്കി മുഴുവന്‍ നികുതിയിനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൊള്ളയടിക്കുകയാണ്. ഇതിനു കോണ്‍ഗ്രസിനെ പഴിചാരേണ്ടെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മറുപടി നല്കി. കോണ്‍ഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും കേരളത്തേക്കാള്‍ നികുതി കൂടുതലാണ്. അധിക നികുതിയില്‍ നിന്ന് കേന്ദ്രത്തിന് മൂന്നു ലക്ഷം കോടി വരുമനാം ലഭിക്കുമ്പോള്‍ ഇതൊന്നും സംസ്ഥാനങ്ങള്‍ക്ക് പങ്കുവയ്ക്കുന്നില്ല.
വിലനിര്‍ണയ അധികാരം എണ്ണകമ്പനികള്‍ക്ക് വിട്ടുനല്‍കിയത് കോണ്‍ഗ്രസാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.