സംസ്ഥാനത്ത് നവംബര്‍ അഞ്ച് വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് മുതല്‍ നവംബര്‍ അഞ്ച് വരെ കേരള – ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ നവംബര്‍ അഞ്ച് വരെ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളിലും ഇന്ന് മുതല്‍ നവംബര്‍ മൂന്നു വരെ മാലിദ്വീപ് പ്രദേശങ്ങളിലും ഇന്ന് മുതല്‍ നവംബര്‍ അഞ്ച് വരെ തെക്ക്-കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് അറിയിപ്പില്‍ പറയുന്നു.
ശ്രീലങ്ക മുകളില്‍ നിലനിന്നിരുന്ന ന്യുന മര്‍ദ്ദം നിലവില്‍ കോമ റിന് ഭാഗത്തും ശ്രീലങ്കയുടെ വടക്കന്‍ തീരത്തുമായി സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യുന മര്‍ദ്ദം തെക്ക് കിഴക്കന്‍ അറബികടലില്‍ പ്രവേശിക്കാന്‍ സാധ്യത. തുടര്‍ന്നു വടക്ക് – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ന്യുന മര്‍ദ്ദ സ്വാധീനഫലമായി നവംബര്‍ മൂന്ന് ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും അടുത്ത 4-5 ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.