കോഴിക്കോട്: സര്‍വകലാശാല മാര്‍ക്ക് ദാന വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. മന്ത്രിക്കെതിരേ ഗവര്‍ണര്‍ കത്തില്‍ പരാമര്‍ശിച്ചുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തെളിയിക്കാന്‍ താന്‍ വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ ആ കത്ത് പുറത്ത് വിടാന്‍ രമേശ് ചെന്നിത്തല തയ്യാറാവണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. കോഴിക്കോട് ജെ.ഡി.ടി സ്കൂളില്‍ നടന്ന ഐ.എസ്.ടി.ഇ. കേരള സെക്ഷന്റെ സെമിനാര്‍ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭാസ രംഗത്ത് കേരളമുണ്ടാക്കിയ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചിലരാണ് ജല്പനങ്ങളുമായി രംഗത്തുവരുന്നത്. ഇത്തരം ജല്പനങ്ങള്ക്ക് സര്‍ക്കാര്‍ വഴങ്ങില്ല. താന്‍ ചെയ്യുന്ന കാര്യത്തെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിക്കപ്പെടാതെ കുടുങ്ങിക്കിടന്ന് വിദ്യാര്‍ഥികളുടെ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയുണ്ടായപ്പോഴാണ് അദാലത്ത് പോലുള്ള കാര്യങ്ങള്‍ കൊണ്ടുവന്നത്. ഇതിലൂടെ ഇന്റേണല്‍ മാര്‍ക്ക് സംവിധാനങ്ങളില്‍ അടക്കം കാര്യമായ മാറ്റമുണ്ടാക്കാനായി. പരമ്പരാഗതമായ ചില കീഴ്വഴക്കങ്ങള് തകരുമ്പോള്‍ അലമുറയിടുകയാണ് ചിലര്‍. പക്ഷെ വിമര്‍ശനങ്ങളെ പേടിച്ചോടുന്നതിന് പകരം ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ തന്നെയാണ് തീരുമാനമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗം രാജ്യത്തിന് തന്നെ വലിയ മാതൃകയാണ്. ഏറ്റവും സുരക്ഷിതമായി പഠിക്കാനുള്ള സാഹചര്യം കേരളത്തില്‍ മാത്രമാണുള്ളത് എന്നാണ് ഫാത്തിമ ലത്തീഫിന്റേയും രോഹിത് വെമുലയുടേയും നജീബിന്റേയുമടക്കമുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. പക്ഷെ ഇതൊന്നും കണ്ണില്‍ പിടിക്കാത്ത ചിലരാണ് തനിക്കെതിരേ വിമര്‍ശനങ്ങളുമായി വരുന്നത്.
ഇവിടുത്തെ ഉന്നത വിദ്യാഭ്യാസരംഗം തകര്‍ന്നാല്‍ അന്യ സംസ്ഥാനത്തെ വിദ്യാഭ്യാസ ലോബികള്‍ക്ക് ഗുണകരമാവും എന്ന് ചിന്തിക്കുന്ന ആളുകള്‍ നമുക്കിടയില്‍ ഉണ്ട്. അവരാണ് വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാവുമ്പോള്‍ വിമര്‍ശനവുമായി രംഗത്ത് വരുന്നത്. നിര്‍ഭാഗ്യവശാല്‍ അധ്യാപകരില്‍ ഒരു വിഭാഗം പോലും ഇതിന് പിന്തുണ കൊടുക്കുന്നു. പക്ഷെ വിമര്‍ശനങ്ങളെ നല്ല ഇടപെടല്‍ നടത്തിയതിന്റെ അംഗീകാരമായിട്ടാണ് കാണുന്നതെന്നും ജലീല്‍ ചൂണ്ടിക്കാട്ടി.