മടിക്കൈ കുഞ്ഞിക്കണ്ണൻ ചരമദിനത്തിൽ രക്തദാനം നടത്തി യുവാക്കൾ
മടിക്കൈ: മടിക്കൈയിലെ കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അനിഷേധ്യ നേതൃത്വം വഹിച്ച മടിക്കൈ കുഞ്ഞിക്കണ്ണൻ്റെ ചരമദിനമായ നവംബർ ഒന്നിന് എ ഐ വൈ എഫ് മടിക്കൈ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. മേഖലാ സെക്രട്ടറി രഞ്ജിത്ത് ജോ. സെക്രട്ടറി അക്ഷയ് അഭിലാഷ് ഷൈജു സുനിൽ മേക്കാട്ട് സജീഷ് എരിക്കുളം തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ മടിക്കൈ കത്തിക്കണ്ണൻ്റെ ശവകുടീരത്തിൽ നടന്ന പുഷ പാർച്ചനയിലും പ്രഭാതഭേരിയിലും സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.
1948-ൽ കാസർകോട് താലൂക്കിലും മലബാറിലും ഭക്ഷ്യക്ഷാമം പടർന്നുപിടിച്ച കാലത്ത് ജന്മിമാരുടെ നെല്ല് പൂഴ്ത്തിവയ്പിനെതിരായി നടന്ന ഐതിഹാസിക കർഷകസമരമായ മടിക്കൈ നെല്ലെടുപ്പ് സമരത്തിന് നേതൃത്വം നൽകിയതിൽ പ്രധാനിയായിരുന്നു മടിക്കൈ എന്നറിയപ്പെടുന്ന മടിക്കൈ കുഞ്ഞിക്കണ്ണൻ.
ജന്മിമാരിൽനിന്ന് നെല്ലെടുത്ത് വിതരണം ചെയ്യുവാനായി കർഷകസംഘം പ്രവർത്തകർ കക്കോത്തായരുടെ ഇല്ലത്തുചെന്ന് പത്തായത്തിലുള്ള നെല്ലളക്കാൻ ആവശ്യപ്പെട്ടു. കെ മാധവൻ, മടിക്കൈ കുഞ്ഞിക്കണ്ണൻ, പി അമ്പുനായർ എന്നിവരായിരുന്നു സമരത്തിനു് നേതൃത്വം നൽകിയതു്. മിച്ചമുള്ള നെല്ല് അവിടെവച്ചുതന്നെ റേഷൻ വിലയ്ക്ക് വിതരണം ചെയ്തു. തുടർന്നു് പൊലീസ് മടിക്കൈ കുഞ്ഞിക്കണ്ണനെ അറസ്റ്റുചെയ്തു. കെ ആർ കുഞ്ഞിക്കണ്ണൻ, കെ എം കുഞ്ഞിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് കർഷകർ മടിക്കൈ കുഞ്ഞിക്കണ്ണനെ മോചിപ്പിക്കാനാവശ്യപ്പെടുകയും പൊലീസ് അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു.