മടിക്കൈയിലെ ടി.എസ്. തിരുമുമ്പ് സാംസ്കാരിക സമുച്ചയം നിര്‍മ്മാണം
ഷാജി എന്‍ കരുണ്‍ സന്ദര്‍ശനം നടത്തി
നീലേശ്വരം:സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ നിര്‍മ്മാണത്തിലുള്ള സാംസ്കാരിക സമുച്ചയങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആദ്യം പൂര്‍ത്തിയാകുന്നത് കാസര്‍കോട് ജില്ലയില്‍ മടിക്കൈ അമ്പലത്തുകരയിലുള്ള ടി.എസ്.. തിരുമുമ്പ് സാംസ്കാരിക സമുച്ചയത്തിന്റെതാണെന്ന് നിര്‍മ്മാണ ചുമതലയുള്ള കെ.എസ്.എഫ്ഡി .സി. ചെയര്മാന് ഷാജി എന്‍ കരുണ്‍ പറഞ്ഞു. മടിക്കൈയിലെ സാംസ്കാരിക സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, പ്രൊഫ.കെ.പി.ജയരാജന് രവീന്ദ്രന് കൊടക്കാട്, മടത്തനാട്ട് രാജന്, കെ. നാരായണന് , ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ടി. രാജന് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കെ എസ് എഫ് ഡി.സി. ചെയര്‍മാന്റെ സന്ദര്‍ശനം. സാംസ്ക്കാരിക സമ്മേളനങ്ങള്‍ കലാപരിപാടികള്‍ ഗവേഷണം, ശില്പശാലകള് തുടങ്ങിയവയ്ക്ക് ഉതകുന്ന ഓപ്പണ്‍ എയര്‍ തിയേറ്റര്‍ ഉള്‍പ്പടെ വിപുലമായ സൗകര്യങ്ങളാണ് സാംസ്കാരിക സമുച്ചയത്തില്‍ സജ്ജീകരിക്കുന്നതെന്ന് ചെയര്മാന് പറഞ്ഞു. സാംസ്ക്കാരിക വൈവിധ്യങ്ങളാലും വ്യത്യസ്ത ഭാഷകളിലും സമ്പന്നമായ പൈതൃകമുള്ള കാസര്‍കോട് ജില്ലയ്ക്ക് സര്‍ക്കാറിന്റെ ഈടുറ്റ സമ്മാനമാണ് ടി എസ് തിരുമുമ്പ് സാംസ്കാരിക സമുച്ചയം.