ഫാന്‍സികട ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന കടയുടമ പോലീസില്‍ കീഴടങ്ങി
കാഞ്ഞങ്ങാട്: ഫാന്‍സികട ജീവനക്കാരിയെ മയക്കുമരുന്ന് നല്കി നിരന്തരം പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിയായ കടയുടമ ഹൊസ്ദുര്‍ഗ് പോലീസില്‍ കീഴടങ്ങി. കോട്ടച്ചേരിലെ ബ്യൂട്ടി കോര്‍ണര്‍ സ്ഥാപനം നടത്തിപ്പിന് ഏറ്റെടുത്ത പഴയങ്ങാടി ചെറുകുന്ന് മുട്ടില്‍ സ്വദേശി മുഹമ്മദ് ഹാഷിമാണ് പോലീസില്‍ കീഴടങ്ങിയത്. തന്റെ കടയിലെ ജീവനക്കാരിയായ ഇരിട്ടി സ്വദേശിനിയെ ദുര്‍ഗ്ഗ ഹൈസ്ക്കൂളിനടുത്ത് ക്വാട്ടേഴ്സ് എടുത്ത് താമസിപ്പിച്ച് അവിടെ വച്ച് മാസങ്ങളോളം മയക്കുമരുന്ന് നല്കി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയായ മുഹമ്മദ് ഹാഷിം പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോവുകയായിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ച് പോലീസില്‍ കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ ഹൊസ്ദുര്‍ഗ് പോലീസില്‍ കീഴടങ്ങിയത്. പോലീസ് പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.