മദ്യപിക്കാൻ 10 രൂപ നൽകാത്തതിന് 50കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി
മുംബൈ: മഹാരാഷ്ട്രയിൽ മദ്യത്തിന് 10 രൂപ നൽകാൻ വിസമ്മതിച്ച 50കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി. ബുൽധാന ജില്ലയിലാണ് സംഭവം.
50കാരനായ ഭഗവത് സിതാറാമാണ് മരിച്ചത്. 40കാരനായ വിനോദ് ലക്ഷ്മൺ വാങ്കഡെ, 35കാരനായ ദിലീപ് ത്രയംബക് ബോധെ എന്നിവരാണ് അറസ്റ്റിലായത്.
മൂവരുംചേർന്ന് മദ്യപിക്കാനായി തൊട്ടടുത്ത മദ്യശാലയിെലത്തുകയായിരുന്നു. തുടർന്ന് പ്രതികൾ ഇരുവരും ഭഗവതിനോട് 10 രൂപ ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ ഭഗവത് തയാറായില്ല.
പിന്നീട് ഭഗവത് ഷോപ്പിൽനിന്ന് പുറത്തിറങ്ങി നടന്നുപോകുന്നതിനിടെ പ്രതികളിരുവരും പിറകിൽനിന്ന് മരത്തടികൊണ്ട് തലക്കടിക്കുകയായിരുന്നു. ബോധരഹിതനായി വീണ ഭഗവത് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.
രക്തത്തിൽ കുളിച്ച നിലയിൽ മദ്യശാലക്ക് സമീപത്തുനിന്ന് ഭഗവതിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന് ഒരു മണിക്കൂറിനകം പ്രതികളെ പൊലീസ് പിടികൂടി.