വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു; യുവാവിനും സഹായിക്കും കഠിനതടവും 2.25 ലക്ഷം പിഴയും
കുന്നംകുളം: കുന്നംകുളം നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ വിവാഹവാഗ്ദാനം നൽകിയും ക്ഷേത്രത്തിൽ പോയി തുളസി മാലയിട്ട് വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ചും ലോഡ്ജിലും വാടകവീട്ടിലും കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ യുവാവിനെയും സഹായിയായ സ്ത്രീയേയും കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി കഠിനതടവിന് ശിക്ഷിച്ചു.
കുന്നംകുളം സീനിയർ ഗ്രൗണ്ടിന് സമീപം ചെറുപനക്കൽ ഷാജി (47), തൊഴിയൂർ ചെറുവത്തൂർ വീട്ടിൽ ആലീസ് (54) എന്നിവരെയാണ് ജഡ്ജ് എം.പി. ഷിബു ശിക്ഷിച്ചത്.ഒന്നാം പ്രതി ഷാജിക്ക് രണ്ട് വകുപ്പുകളിലായി 20 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപയും രണ്ടാം പ്രതി ആലീസിന് ആറ് വർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. 2006ലാണ് ആദ്യസംഭവം. ഓട്ടോ ഡ്രൈവറായിരുന്ന ഷാജി പെൺകുട്ടിയെ ഗുരുവായൂർ ക്ഷേത്രത്തിൽ കൊണ്ടുപോയി തുളസിമാലയിട്ട് വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് ക്ഷേത്രത്തിനടുത്തുള്ള ലോഡ്ജിൽ ബലാൽസംഗം ചെയ്യുകയും വിവാഹം കഴിക്കാതെ കബളിപ്പിക്കുകയും ചെയ്തു. വിവാഹം കഴിച്ച് ഭാര്യയാക്കി വീട്ടിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് 2009ൽ രണ്ടാം പ്രതി ആലീസിെൻറ പുതുശേരിയിലെ വാടകവീട്ടിൽ കൊണ്ടുചെന്ന് പെൺകുട്ടിയെ ആലീസിെൻറ ഒത്താശയോടും സഹായത്താലും ബലാൽസംഗം ചെയ്തു.
അമിതമായ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് പ്രതികൾ പെൺകുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് മുങ്ങുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ആലീസ് കുന്നംകുളത്ത് ഹോം നഴ്സിങ് സ്ഥാപനം നടത്തിവരുകയായിരുന്നു.പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) അഡ്വ. കെ.എസ്. ബിനോയ് ഹാജരായി. 15 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ ഹാജരാക്കുകയും ചെയ്തു. 2009ൽ നടന്ന സംഭവത്തിൽ കുന്നംകുളം പൊലീസ് ഇൻസ്പെക്ടറായിരുന്ന ഹരിദാസൻ ആണ് പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനെ സഹായിക്കാൻ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ എം.ബി. ബിജുവും ഹാജരായിരുന്നു.