നീലേശ്വരം പൊതുമരാമത്ത് എൻജിനീയർ കാര്യാലയം അപകടാവസ്ഥയിൽ
നീലേശ്വരം: പൊതുമരാമത്ത് റോഡ് വിഭാഗം അസി. എൻജിനീയറുടെ കാര്യാലയം അപകടാവസ്ഥയിൽ. ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരിയിലെ ഓഫിസ് കെട്ടിടം ഏതുനിമിഷവും തകർന്നുവീഴാൻ പാകത്തിലാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാർ ജീവൻ പണയംെവച്ചാണ് ജോലിയെടുക്കുന്നത്. ഓഫിസ് പരിസരം കാടുമൂടിക്കിടക്കുന്നതുമൂലം ഇഴജന്തുക്കളുടെ ശല്യം വേറെ.
ടാറിങ് അമർത്താൻ ഉപയോഗിക്കുന്ന ലക്ഷങ്ങൾ വിലയുള്ള റോഡ് റോളർ കാടുമൂടിക്കിടന്ന് തുരുമ്പെടുക്കുകയാണ്. ഓഫിസ് ബോർഡുകൾ പഴകി കാട്ടുവള്ളികൾ പടർന്ന് പൊതുജനങ്ങൾക്ക് വായിക്കാൻ പറ്റാത്ത അവസ്ഥയാണ്. ജീവനക്കാർ ഉപയോഗിക്കുന്ന കിണറും മലിനമായി കിടക്കുന്നു. കാലപ്പഴക്കംമൂലം ഇടിഞ്ഞുവീഴാൻ പാകത്തിലുള്ള കെട്ടിടത്തിൽനിന്ന് ഓഫിസ് മാറ്റിസ്ഥാപിക്കണമെന്നാണ് ജീവനക്കാർ പറയുന്നത്.