സുന്നി യുവജനസംഘം സംസ്ഥാന ആദര്‍ശസമിതി അംഗവും ജില്ലാ വൈസ് പ്രസിഡന്റും സമസ്ത ജില്ലാ
മുശാവറ അംഗവുമായ സലീം ഫൈസി ഇര്‍ഫാനി അന്തരിച്ചു
കണ്ണൂര്‍: സുന്നി യുവജനസംഘം സംസ്ഥാന ആദര്‍ശസമിതി അംഗവും ജില്ലാ വൈസ് പ്രസിഡന്റും സമസ്ത ജില്ലാ മുശാവറ അംഗവുമായ തില്ലങ്കേരി കാവുംപടി സി.എച്ച്.എം ഹൈസ്കൂള്‍ റോഡിലെ സലീം ഫൈസി ഇര്‍ഫാനി (41) അന്തരിച്ചു. കൊവിഡാനന്തര ചികിത്സയുമായിബന്ധപ്പെട്ട് രണ്ടുമാസത്തോളമായി കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സലീം ഫൈസിയെ ചൊവ്വാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയതായിരുന്നു. ബുധനാഴ്ച രാത്രി 10.20 ഓടെയായിരുന്നു അന്ത്യം.
ഉളിയില്‍ അല്‍ഹിദായ ഇസ്ലാമിക് സര്‍വകലാശാലാ സ്ഥാപകനും ചാന്‍സലറുമായ അദ്ദേഹം സംസ്ഥാനത്തുടനീളം സുന്നി ആശയ സംവാദ വേദിയില്‍ പങ്കെടുത്ത് ശ്രദ്ധേയനാണ്. ചപ്പാരപ്പടവ് ജാമിഅ ഇര്‍ഫാനിയ്യ അറബിക് കോളജില്‍ നിന്ന് ഇര്‍ഫാനി ബിരുദം നേടിയ ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍ നിന്നു ഫൈസി ബിരുദവും നേടി. ഹൈദരാബാദ് നിസാമിയ്യ സര്‍വകലാശാലയില്‍ നിന്നു നിസാമി ബിരുദവും ഈജിപ്ത് അല്‍അസ്ഹര്‍ സര്‍വകലാശാലയില്‍ അസ്ഹരി ബിരുദവും നേടിയിട്ടുണ്ട്.
പാനൂര്‍ ചെറുപറമ്പ് ജമാലിയ്യ അറബിക് കോളജ് പ്രിന്‍സിപ്പലും പട്ടിക്കാട് ജാമിഅ നൂരിയ്യ, നന്തി ജാമിഅ ദാറുസ്സലാം അല്‍ഇസ്ഇലാമിയ്യ അറബിക് കോളജ്, ചപ്പാരപ്പടവ് ജാമിഅ ഇര്‍ഫാനിയ്യ എന്നിവിടങ്ങളിലെ അധ്യാപകനുമായിരുന്നു. കുറ്റ്യാടി കൊടക്കല്‍ ദാറുര്‍ റഹ്മ കോളജ്, ആറങ്ങാടി ദര്‍സ്, കുമ്പള ദര്‍സ്, രാമന്തളി ദര്‍സ്, ഇരിക്കൂര്‍ റഹ്മാനിയ്യ യതീംഖാനാ ദര്‍സ് എന്നിവിടങ്ങളില്‍ മുദരിസുമായിരുന്നു.
മട്ടന്നൂര്‍ പൊറോറയിലെ ഇസ്മാഈലിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: ശരീഫ (കാവുംപടി). മക്കള്‍: ഹാഫിള സുആദ, ആഇശ, മുഹമ്മദ്, ജലാല്‍, കുബ്റ, സുഹറ. സഹോദരങ്ങള്‍: മുഹമ്മദ്, സാലിഹ് (ഇരുവരും ദുബൈ), സുഹറ.