കാസർകോട്:റവന്യൂ വകുപ്പ് കാസർകോട് മുനിസിപ്പാലിറ്റിക്ക് പാട്ടത്തിന് വിട്ടുകൊടുത്ത താളിപ്പടുപ്പ് മൈതാനത്തിന്റെ ഭൂമി വ്യാപകമായി കൈയ്യേറിയെന്ന് പ്രദേശവാസികളുടെയും കായികപ്രേമികളുടെയും വെളിപ്പെടുത്തൽ.കയ്യേറ്റ സ്ഥലത്ത് റോഡും കെട്ടിടങ്ങളും കെട്ടിഉയർത്തിക്കഴിഞ്ഞു.ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ മൈതാനത്ത് ജില്ലാകളക്ടർ ലക്ഷ്യമിട്ട സ്വപ്നപദ്ധതിയായ ആധുനിക ഇൻഡോർ സ്റ്റേഡിയം പദ്ധതി അട്ടിമറിക്കപ്പെടും.
കാസർകോട്-മംഗളൂരു ദേശീയപാതയോരത്ത് അടുക്കത്ത് ബയൽ റവന്യൂ വില്ലേജിലാണ് കാസർകോടിന്റെ ചരി ത്രത്തിന്റെ ഭാഗമായ തളിപ്പടുപ്പ് മൈതാനം.നിരവധി ചരിത്ര സമ്മേളനങ്ങൾക്കും കായികമേളകക്കും സാക്ഷ്യം വഹിച്ച മണ്ണാണിത്.നഗരത്തിന്റെ ക്രിക്കറ്റ് ചരിത്രം ഈ മൈതാനവുമായി ഇഴപിരിയാതെയുണ്ട്.ലോ കത്തിലെ ഏറ്റവും വലിയ സര്‍ക്കസ് കമ്പനിയായിരുന്ന കമലാസര്ക്കസ് ഉൾപ്പെടെയുള്ള സംഘങ്ങൾ തമ്പടിച്ചു പ്രദർശനം നടത്തിയതും ഇതേ മൈതാനത്ത് തന്നെ.
റവന്യൂ വകുപ്പിന്റെ അധീനതയിലായിരുന്ന 3 .50 ഏക്കർ സ്ഥലമാണ് 99 വര്‍ഷത്തേക്ക് മുനിസിപ്പാലിറ്റിക്ക് സർക്കാർ പാട്ടത്തിന് വിട്ടുനൽകിയത്.2005 ജൂലായ് 26 നാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്.പ്രതിവർഷം 280750 രൂപ യാണ് പാട്ടനിരക്ക്.ഇത് കഴിഞ്ഞ 15 വർഷമായി മുനിസിപ്പാലിറ്റി മുടങ്ങാതെ ഒടുക്കുന്നുണ്ട്.എന്നാൽ കായിക വികസനത്തിനായി പാട്ടത്തിനെടുത്ത മൈതാനത്ത് നഗരസഭ ഇതുവരെ ചില്ലിക്കാശിന്റെ വികസനം നടത്തിയിട്ടില്ലെന്നതാണ് ഏറെ അത്ഭുതകരം.അതിനിടയിലാണ് മൈതാനത്തിന്റെ നല്ലൊരുപങ്ക് സ്വകാര്യ വ്യക്തികൾ കൈയേറിയത്.ഇതിന് റവന്യൂ-മുനിസിപ്പൽ ഉദ്യോഗസ്ഥർ കൂട്ടുനിന്നതായാണ് നാട്ടുകാർ പറയുന്നത്.മൈതാനത്തിന്റെ വടക്ക് ഭാഗത്ത് സർക്കാർ സ്കൂളിനോട് ചേർന്ന സ്ഥലം ചിലർ ചേർന്ന് കൈയ്യേറി അനധികൃതമായി റോഡിനിര്മിച്ചു സ്ഥിരം ഗതാഗത സൗകര്യം സജ്ജമാക്കിയതും അധികൃതാർ അറിഞ്ഞമട്ടില്ല .നേരത്തെ മൈതാനത്തിന് പടിഞ്ഞാറുള്ള ആൾക്കാർക്ക് സ്ഥലത്തെ ബീഡിക്കമ്പനി മതിലിനോട് ചേര്‍ന്നാണ് കാൽനടക്കുള്ള വഴിയാണ് ഉണ്ടായിരുന്നത്.ഇതിപ്പോൾ കൈയ്യേറി വലിയ വാഹനങ്ങൾക്കുള്ള റോഡാക്കി മാറ്റിയിട്ടുണ്ട്.
തുറന്ന പ്രതലം അതേപടി നിലനിർത്തി ചുറ്റുമതിൽ കെട്ടാതെ മൈതാനം സംരക്ഷിക്കണമെന്ന വ്യവസ്ഥയിലാണ് മുനിസി പ്പാലിറ്റിക്ക് സ്ഥലം പാട്ടത്തിന് കൊടുത്തത്.എന്നാൽ മൈതാന പരിപാലനം ഒന്നും നടത്താതെ കയ്യേറ്റക്കാർക്ക് പരസ്യമായി ഭൂമി വിട്ടുകൊടുക്കുകയാണ് മുനിസിപ്പാലിറ്റി ചെയ്തത്
.
അതേസമയംകാസർകോട്ടെ മൈതാനത്തിനൊപ്പം സർക്കാർ പാട്ടത്തിന് വിട്ടുകൊടുത്ത കോട്ടയം നഗരത്തിലെ തിരുനക്കര മൈതാനത്ത് കണ്ണഞ്ചിപ്പിക്കുന്ന വിവിധ പദ്ധതികളാണ് ബന്ധപ്പെട്ടവർ ചെയ്തുതീർത്തത്.ഇതൊന്നും കാസർകോട് നഗര ഭരണക്കാർ അറിയുന്നതേയില്ല.പൊളിക്കുകയും നിരപ്പാക്കുകയും പുനര്‍നിര്‍മ്മിക്കുന്നതിലും മാത്രമാണ് ഭരണക്കാരുടെയും കരാറുകാരുടെയും അന്തിമമായ ശ്രദ്ധ.ഇവരുടെ കളിപ്പാവകളായി കുറെ മുനിസിപ്പൽ ഉദ്യോഗസ്ഥരും നഗര ഭരണ കാര്യാലയത്തിൽ അടിഞ്ഞുകൂടിയിട്ടുമുണ്ട്.
അന്തിമയങ്ങിയാൽ മൈതാനം സാമൂഹ്യവിരുദ്ധ ശക്തികളുടെ പിടിയിലാണ്.മദ്യമാഫിയകളും ഇവർ തീറ്റിപ്പോറ്റുന്ന വർഗീയ ഗുണ്ടകളുമാണ് ഇവിടെ അഴിഞ്ഞാടുന്നത്.കാസർകോട് നടന്ന പ്രമാദമായ പല കൊലപാതങ്ങളുടെയും ഗൂഢാലോചന നടന്നത് മൈതാനത്തും പരിസരത്തുമാണ് .ദേശീയപാതയിലെ യാത്രക്കാരെ മതം നോക്കി ആക്രമിച്ച നിരവധി കേസുകളാണ് ഇവിടെ റിപോർട്ട് ചെയ്യപ്പെട്ടത്. താളിപ്പടുപ്പിന് പുറത്തുള്ളവരാണ് മൈതാനം ഗുണ്ടാതാവളമാക്കുന്നത് . ഇതിനെതിരെ പോലീസും വിരലനക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. മൈതാനം മുൻസിപ്പാലിറ്റിയിൽ നിന്ന് സർക്കാർ ഏറ്റെടുത്ത് വികസന പദ്ധതികൾ നടപ്പിലാക്കണമെന്ന താലൂക്ക് സഭയുടെ നിർദേശത്തിന് പിന്തുണയുമായി പരിസരവാസികളും രംഗത്ത് വന്നിരിക്കുയാണ് .ഇനി ജില്ലാ ഭരണാധികാരിയുടെ കൈകളിലാണ് കാര്യങ്ങൾ .
റിപ്പോർട്ട്
കെ എസ് . ഗോപാലകൃഷ്ണൻ