തെയ്യാട്ടക്കാർക്ക് മുന്നിൽ പ്രതീക്ഷയുടെ കൈവിളക്ക് തെളിയിച്ച് തുലാപ്പത്ത്
റിപ്പോർട്ട് : സുരേഷ് മടിക്കൈ
കാഞ്ഞങ്ങാട്: അടച്ചു പൂട്ടലിൻ്റെയും അകന്നു നിൽക്കലിൻ്റേയും ഇരുണ്ട കാലത്തിനിപ്പുറം വീണ്ടുമൊരു കളിയാട്ടക്കാലത്തിനു കൂടി തിരിതെളിച്ച് ഒരു തുലാപ്പത്ത് കൂടി കടന്നു പോയി.. രണ്ടു തെയ്യാട്ടക്കാലം കാവുകളും ക്ഷേത്രങ്ങളും തറവാട്ടു മുറ്റങ്ങളും ഉറയലും ഉരിയാട്ടുമില്ലാത്ത, കോവിഡ് വരിഞ്ഞു കെട്ടിയ നാളുകളായിരുന്നു.. ഇക്കുറി കാവുകളുണരും.. ക്ഷേത്രാങ്കണങ്ങളിലും തറവാട്ടു മുറ്റങ്ങളിലും വെള്ളോട്ട് ചിലമ്പൊച്ചയും അനുഗ്രഹാശിസുകളുടെ ഉരിയാട്ടു മുയരും .
പരകായ പ്രവേശത്തിൽ ആത്മചൈതന്യം നിറച്ച് കോലധാരികൾ മാലോകർക്ക് മുന്നിൽ ദൈവങ്ങളായി ഉറഞ്ഞാടും കാളിയും ഭദ്രയും വിഷ്ണുവും ഈശ്വരനും ‘.” ‘….. പലതും.
ഇത്തവണ തെയ്യക്കാലത്തിന് തിരിതെളിയുമ്പോഴും തെയ്യക്കാരൻ്റെ കരളിൽ തീയാണ് ‘ ചിതലെടുത്തും, ദ്രവിച്ചും പോയ പതിനായിരങ്ങളുടെ തെയ്യച്ചമയങ്ങൾ, തൊഴിലില്ലാതെ ഓടി തീർത്ത ദുരിതകാലം എല്ലാം കൊണ്ടും കടക്കെണിയിലായവർക്ക് മുന്നിൽ ഇനി പ്രതിക്ഷയുടെ കൈവിളക്ക് തെളിഞ്ഞിരിക്കുകയാണ്.
മനുഷ്യനിൽ നിന്നും ദേവീദേവൻമാരായി പരകായപ്രവേശം നടത്തിയവർ മഹാമാരിക്കാലത്ത്
ചുമട്ടുകാരനുംഓട്ടോ ഡ്രൈവറായുംമീൻ വിൽപ്പനക്കാരായും വേഷം മാറിയപ്പോൾ മനസിൽ കെട്ട കാലത്തിനപ്പുറത്തെ നല്ലകാലത്തെസ്വപ്നം കണ്ടു ഇവർക്ക് ഈ തുലാപ്പത്ത് തങ്ങളുടെ സ്വത്വം തിരിച്ചുപിടിച്ച ആത്മനിർവ്വതിയുടെ സുദിനം കൂടിയാണ്.