ഡ്യുട്ടി കഴിഞ്ഞ് മടങ്ങിയ നഴ്സിനു നേരെ ചേര്‍ത്തലയില്‍ ആക്രമണം; സ്കൂട്ടര്‍ ഇടിച്ചുവീഴ്ത്തി, മുഖത്തും കാല്‍മുട്ടിനും പരിക്ക്
ചേര്‍ത്തല: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ നഴ്സിനു നേര്‍ക്ക് ആക്രമണം. ചേര്‍ത്തല നെടുമ്പ്രക്കാട്ട് വച്ചാണ് കേളമംഗലം സ്വദേശിനി ശാന്തി എന്ന നഴ്സിനു നേര്‍ക്ക് ആക്രമണമുണ്ടായത്. ഞായറാഴ്ച രാത്രി 8.30 ഓടെ നെടുമ്പ്രക്കാട് സ്കൂളിനു സമീപം വച്ച് സ്കൂട്ടറില്‍ സഞ്ചരിച്ച ശാന്തിയെ മറ്റൊരു ഇരുചക്ര വാഹനത്തില്‍ എത്തിയ ആള് ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് ശാന്തി പറയുന്നു. മുഖത്തെ എല്ലിനും കാല്മുട്ടലിനും പൊട്ടലുള്ള ശാന്തി ചികിത്സ തേടിയ ശേഷം വീട്ടില്‍ വിശ്രമിക്കുകയാണ്.
ആദ്യം ഇടിച്ചപ്പോള്‍ അപകടമാണെന്ന് കരുതി സ്കൂട്ടര്‍ സൈഡിലേക്ക് ഒതുക്കി. ഈ സമയം വീണ്ടും വന്ന് ഇടിച്ചു. മറിയുമെന്ന് കണ്ടതോടെ വീണ്ടും വന്ന് മുന്‍വശത്തെ ടയറില്‍ ഇടിച്ചു. താന്‍ സ്കൂട്ടറുമായി റോഡിലേക്ക് മറിഞ്ഞുവീണതോടെ അയാള്‍ സ്പീഡില്‍ പോയി.
ഒരു കാര്‍ വരുന്ന കണ്ടപ്പോള്‍ അക്രമി രക്ഷപ്പെട്ടതാണെന്ന് കരുതുന്നു. ഇടിയുടെ ആഘാഷത്തില്‍ ബൈക്കിന്റെ നമ്പര്‍ ശ്രദ്ധിക്കാന്‍ പറ്റിയില്ലെന്നും ശാന്തി പറഞ്ഞു. കാറിലുണ്ടായിരുന്നവര്‍ അക്രമിയെ പിന്തുടര്ന്നുവെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഹെല്‍മറ്റ് വച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ശാന്തി പറഞ്ഞൂ. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏതാനും മാസം മുന്‍പാണ് ആലപ്പുഴ മെഡിക്കല്‍ കോളജിലെ കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ രാത്രി വീട്ടിലേക്ക് മടങ്ങവേ ബൈക്കിലെത്തിയ രണ്ട് പേര് ആക്രമിച്ചത്. പ്രതികളെ പിന്നീട് കൊല്ലത്തുനിന്ന് പിടികൂടിയിരുന്നു.