പോക്കറ്റ് മണി തരാം മുഖ്യമന്ത്രി അപ്പൂപ്പാ, ഈ റോഡൊന്ന് നന്നാക്കാമോഏഴുവയസുകാരിയുടെ അഭ്യർത്ഥന,
ബംഗളൂരു: ‘മുഖ്യമന്ത്രി അപ്പൂപ്പാ, പോക്കറ്റ് മണി തരാം.റോഡിലെ കുഴികൾ ഒന്ന് അടയ്ക്കാമാേ?’ കർണാടക മുഖ്യമന്ത്രിയോടുള്ള ഒരു ഏഴുവയസുകാരിയുടെ അഭ്യർത്ഥനയാണിത്. തുംകൂറിലെ രണ്ടാം ക്ളാസുകാരിയായ ധവാനിയാണ് അഭ്യർത്ഥന നടത്തിയത്.ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.മുഖ്യമന്ത്രി അപ്പൂപ്പാ എന്ന് വിളിച്ചാണ് പെൺകുട്ടി വീഡിയോയിൽ അഭിസംബോധന ചെയ്യുന്നത്. ‘ബംഗളൂരുവിലെ റോഡുകൾ ദയനീയമാണ്. റോഡുകളിൽ വൻ കുഴികളാണ്. നിരവധി പേരാണ് ഈ കുഴികൾ കാരണം അപകടത്തിൽപ്പെടുന്നത് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പല കുടുംബങ്ങളും അനാഥരായി. അവരുടെയൊക്കെ കുടുംബത്തെ ആരാണ് സംരക്ഷിക്കുക. എന്റെ കൈയിലുള്ള പോക്കറ്റ് മണി തരാം, ഈ റോഡുകൾ ഒന്ന് നന്നാക്കി തരാമോ’- പെൺകുട്ടി വീഡിയോയിൽ ചോദിക്കുന്നു. ധവാനിയുടെ അമ്മയ്ക്ക് രണ്ടുവർഷം മുമ്പ് റോഡിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ കാര്യമായി പരിക്കേറ്റിരുന്നു. ഇതാണ് ഇത്തരത്തിലാെരു അഭ്യർത്ഥന നടത്താൻ പെൺകുട്ടിയെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.ബംഗളൂരു നഗരത്തിൽ ഉൾപ്പടെ പലയിടങ്ങളിലും റോഡുകളുടെ അവവസ്ഥ ദയനീയമാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ കാരണം ഗതാഗതക്കുരുക്കും രൂക്ഷമാണ്. പ്രശ്നം പരിഹരിക്കാൻ അധികൃതർ ഒരു ഇടപെടലും നടത്തുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്.