80 ലക്ഷത്തിന്റെ അസാധു നോട്ടുകളുമായി ബെംഗ്ളൂരിൽ അഞ്ച് പേർ അറസ്റ്റിൽ;
കാസർകോട്ടെ റെയ്ഡിൽ കണ്ടെടുത്തത് നോട്ടുകളുടെ 24 ചാക്ക് കളർ ഫോട്ടോകോപ്പികൾ; നടന്നത് വലിയ കബളിപ്പിക്കലെന്ന് പൊലീസ്
കാസർകോട്: ഇന്ത്യയിൽ അസാധുവാക്കിയ 500, 1000 രൂപയുടെ നോട്ടുകൾ വിൽക്കാനും വാങ്ങാനും ശ്രമിച്ചെന്നാരോപിച്ച് അഞ്ച് പേർ ബംഗ്ളൂരിൽ അറസ്റ്റിലായി. ഇവരിൽ നിന്ന് 80 ലക്ഷം രൂപ വിലയുള്ള നിരോധിത നോട്ടുകളും അഞ്ച് കോടിയോളം രൂപ മൂല്യമുള്ള അത്തരം കറൻസികളുടെ കളർ ഫോട്ടോകോപ്പികളും പൊലീസ് പിടിച്ചെടുത്തു. ബംഗളൂരിൽ പിടിയിലായവരിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട്ട് നടത്തിയ റെയ്ഡിലാണ് നോട്ടുകളുടെ 24 ചാക്ക് കളർ ഫോടോകോപ്പികൾ പൊലീസ് കണ്ടെടുത്തത്.
ബഗ്ളുരു കോർപറേഷൻ സബ് കോൺട്രാക്ടർ വെങ്കിടേഷ് എം (53), തുണിക്കച്ചവടക്കാരായ സുരേഷ്കുമാർ (32), രാമകൃഷ്ണ (32) കർഷകരായ മഞ്ജുനാഥ് (43), ദയാനന്ദ് (45) എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും കർണാടക സ്വദേശികളാണ്. വെങ്കിടേഷും മഞ്ജുനാഥും ദയാനന്ദും ഒക്ടോബർ 10ന് എച്ച് ബി ആർ ലേഔട്ടിൽ 45 ലക്ഷം രൂപയുടെ അസാധുവാക്കിയ നോട്ടുകൾ വിൽക്കാൻ എത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
അസാധുവാക്കപ്പെട്ട നോട്ടുകൾ മുഖവിലയുടെ 35 ശതമാനത്തിന് വിൽക്കാൻ സഹായിക്കാമെന്ന് മുഖ്യപ്രതികളായ സുരേഷും രാമകൃഷ്ണയും മൂവർക്കും വാക്ക് നൽകിയിരുന്നുവെന്നും അവരെ വിശ്വസിച്ച്, വെങ്കിടേഷും മഞ്ജുനാഥും ദയാനന്ദും മുഖവിലയുടെ 20 ശതമാനം കൊടുത്ത് മറ്റുള്ളവരിൽ നിന്ന് കൂടുതൽ അസാധുവായ നോട്ടുകൾ വാങ്ങാൻ തയ്യാറായതായും പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ സി പ്രകാശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സുരേഷിനെയും രാമകൃഷ്ണനെയും അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്ന് 35 ലക്ഷം രൂപയുടെ അസാധുവാക്കപ്പെട്ട കറൻസികൾ പിടികൂടുകയും ചെയ്തു.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ കാസർകോട് കേന്ദ്രീകരിച്ച് ഒരു സംഘം അസാധുവാക്കപ്പെട്ട നോട്ടുകൾ വാങ്ങി ഫാം ഹൗസിൽ സൂക്ഷിച്ചിരുന്നതായി പ്രതികൾ പൊലീസിനോട് പറഞ്ഞു. തുടർന്ന് കർണാടക പൊലീസ് സംഘം കാസർകോട്ടെത്തി ബേനൂരിലെ ഫാം ഹൗസിൽ റെയ്ഡ് നടത്തുകയായിരുന്നു.
അസാധുവാക്കിയ നോട്ടുകൾ നിയമപരമായി മാറ്റാൻ ഒരു മാർഗവും ഇല്ലെന്ന് പൊലീസ് പറയുന്നു. മുഖ്യപ്രതികൾ അസാധുവാക്കപ്പെട്ട നോട്ടുകൾ വിൽക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുന്നു. അത് വിശ്വസിച്ച് മറ്റുള്ളവർ കൂടുതൽ നോട്ടുകൾ തേടി നടക്കുന്നു. മുഖ്യപ്രതികൾ തന്നെ ഏർപ്പാട് ചെയ്ത സംഘം ഇവരെ സമീപിച്ച് തങ്ങളുടെ പക്കൽ നോട്ടുകൾ ഉണ്ടെന്നും മുഖവിലയുടെ 20 ശതമാനത്തിന് നൽകാമെന്നും പറയുന്നു. അത് വിശ്വസിച്ച് ഇവർ നോട്ടുകൾ വാങ്ങുന്നു. എന്നാൽ മുഖ്യപ്രതികൾ നോട്ടുകൾ വിൽക്കാൻ സഹായിക്കുമെന്ന വാഗ്ദാനം നടപ്പിലാക്കുന്നുമില്ല. ഇങ്ങനെ ഇടയിൽ നിന്നുള്ളവർക്ക് പണം നഷ്ടമാവുകയും ചെയ്യുന്നു. ഇങ്ങനെയുള്ള കബളിപ്പിക്കലാണ് നടക്കുന്നതെന്ന് പൊലീസ് കൂട്ടിച്ചേർത്തു.