ബൈക് മോഷണകേസിലെ പ്രതി അറസ്റ്റില്‍; രാത്രികാല പട്രോളിംഗിനിടെയാണ് പിടിയിലായത്
ബദിയടുക്ക: ബൈക് മോഷണകേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ നുഹ് മാനെ (23) ആണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. നെല്ലിക്കട്ട ബിലാല്‍നഗറിലെ മുനീറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക് ഒക്ടോബര്‍ 24ന് രാത്രി മോഷണം പോയിരുന്നു.
മുനീറിന്റെ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
ബദിയടുക്ക സി ഐ അശ്വിതിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടെ കടമ്പള സ്കൂളിന് സമീപം സംശയകരമായ സാഹചര്യത്തില്‍ ഹീറോ ഹോണ്ട ബൈകുമായി നുഹ് മാനെ കണ്ടെത്തുകയായിരുന്നു.
ബൈക് കസ്റ്റഡിയിലെടുത്ത് നുഹ് മാനെ ചോദ്യം ചെയ്തപ്പോള്‍ ബിലാല്നഗറില് നിന്ന് മോഷണം പോയ ബൈകാണിതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. നെല്ലിക്കട്ട, ചെര്‍ളടുക്ക ഭാഗങ്ങളില്‍ നിന്നായി മൂന്ന് ബൈകുകള്‍ കൂടി ഈയിടെ മോഷണം പോയിരുന്നു. ഇതിന്റെ പിന്നില്‍ പ്രതിക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.