മദ്യപിച്ച് വീട്ടിലെത്തി പൊതിരെ തല്ലുന്നുവെന്ന് ഭാര്യ, അന്വേഷിക്കാനെത്തിയപ്പോൾ കണ്ടത് മറ്റൊരു കാഴ്ച; ഭർത്താവിന് രക്ഷകരായി പൊലീസ്
തൃശൂർ: മദ്യപിച്ച് വീട്ടിലെത്തി ഭർത്താവ് തന്നെ പൊതിരെ തല്ലാറുണ്ടെന്ന് ഭാര്യയുടെ പരാതി. അന്വേഷിക്കാനെത്തിയ തൃശൂർ മെഡിക്കൽ കോളേജ് പൊലീസ് രക്ഷിച്ചത് ഭർത്താവിനെ. തിങ്കളാഴ്ച രാത്രി 11 നാണ് പൊലീസിന് പരാതി കിട്ടിയത്.പരാതി ലഭിച്ചയുടൻ പട്രോളിങ്ങിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ പിപി ബാബുവും, സിവിൽ പൊലീസ് ഓഫീസർ കെകെ ഗിരീഷും പരാതിക്കാരിയുടെ വീട്ടിലേക്ക് പോയി. പരാതിക്കാരി വീടിനുപുറത്ത് പൊലീസിനെ കാത്തുനിൽക്കുകയായിരുന്നു.ഭർത്താവ് സ്ഥിരം മദ്യപിക്കുമെന്നും, തന്നെ ഉപദ്രവിക്കാറുണ്ടെന്ന് പരാതിക്കാരി പൊലീസിനോട് പറഞ്ഞു. തുടർന്ന് ഉദ്യോഗസ്ഥർ യുവാവിനെ അന്വേഷിച്ച് വീടിനകത്ത് കയറി. ഈ സമയം ഇയാൾ ഉള്ളിൽനിന്ന് പൂട്ടിയ മുറിയിൽ ഫാനിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു.പൊലീസ് ഉദ്യോഗസ്ഥർ വാതിൽ തകർത്ത് യുവാവിനെ രക്ഷിച്ചു. തുടർന്ന് പൊലീസ് ജീപ്പിൽത്തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇയാൾ അപകടനില തരണംചെയ്തു