സ്വന്തം പാര്‍ട്ടി നിലവില്‍ വന്നതായി അമരീന്ദര്‍ സിംഗ്; നവംബറോടെ ബിജെപിയുമായി
സഖ്യത്തിലേര്‍പ്പെടാനാണ് നീക്കംപേരും ചിഹ്നവും വൈകാതെ പ്രഖ്യാപിക്കും
ദില്ലി: സ്വന്തം രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വന്നതായി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പഖ്യാപിച്ചു. പാര്‍ട്ടിയുടെ പേരും ചിഹ്നവും വൈകാതെ പ്രഖ്യാപിക്കുമെന്ന് അമരീന്ദര്‍ സിംഗ് അറിയിച്ചു. പഞ്ചാബ് ലോക് കോണ്‍ഗ്രസെന്നാകും പാര്‍ട്ടിയുടെ പേരെന്നാണ് സൂചന. നവംബറോടെ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാനാണ് നീക്കം.
പഞ്ചാബില്‍ ബിജെപിയുമായി സഹകരിക്കാന്‍ അമരീന്ദര്‍ സിംഗ് ഉപാധി വെച്ചിരുന്നു. കര്‍ഷക സമരം കേന്ദ്രം ഒത്തുതീര്‍പ്പാക്കിയാല്‍ സഹകരിക്കുമെന്നായിരുന്നു അമരീന്ദര്‍ സിംഗിന്റെ വാഗ്ദാനം. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദര്‍ സിംഗ് അറിയിക്കുകയായിരുന്നു. നവംബറോടെ കര്‍ഷക സമരത്തിന് പരിഹാരമാകുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ് കിട്ടിയിട്ടുണ്ടെന്ന് അമരീന്ദറിന്റെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട അമരീന്ദര്‍ കര്‍ഷകസമരം ഒത്തുതീര്‍പ്പാക്കാന്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയതായി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം എഐസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച അമരീന്ദര്‍ സിംഗിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് വന്‍ ശ്രമങ്ങളാണ് നടത്തിയിരുന്നത്. ഇരുപത് എംഎല്‍എമാരുടെ പിന്തുണയാണ് അമരീന്ദര്‍ സിംഗ് അവകാശപ്പെടുന്നത്.