ട്രെയിനിൽ അടിയേറ്റ പാടുകളോടെ കണ്ട യുവാവ് അബോധാവസ്ഥയിൽ തുടരുന്നു; തിരിച്ചറിയാനായില്ല; കേസെടുത്ത് റെയിൽവേ പൊലീസ്
കാസർകോട്: ട്രെയിനിൽ അടിയേറ്റ പാടുകളോടെ കണ്ട യുവാവ് അബോധാവസ്ഥയിൽ തുടരുന്നു. പരിയാരത്തുള്ള കണ്ണൂർ ഗവ. മെഡികൽ കോളജിലാണ് യുവാവിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസിന്റെ തറയിൽ അടിയേറ്റ പാടുകളോടെ അബോധാവസ്ഥയിൽ കമിഴ്ന്ന് കിടന്ന നിലയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് യുവാവിനെ കണ്ടെത്തിയത്.
തലയുടെ പിറകിലാണ് അടിയേറ്റിരിക്കുന്നത്. രക്തം കളം കെട്ടിയ നിലയിലായിരുന്നു യുവാവ്. യാത്രക്കാർ റെയിൽവേ ലോകോ പൈലറ്റിനു വിവരം നൽകിയതിനെ തുടർന്ന് അദ്ദേഹം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ മാസ്റ്ററുമായി ബന്ധപ്പെടുകയും തുടർന്ന് പൊലിസിലും ആംബുലൻസിലും വിവരം കൈമാറുകയായിരുന്നു. ട്രെയിൻ കാഞ്ഞങ്ങാട്ട് എത്തിയ ഉടൻ യുവാവിനെ ആംബുലൻസിൽ കയറ്റി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നില ഗുരുതരമായതിനെ തുടർന്ന് കണ്ണൂർ ഗവ. മെഡികൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം യുവാവിനെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. കയ്യിൽ 10 ദിവസം മുമ്പേയെടുത്ത 10 രൂപയുടെ ടികെറ്റ് കയ്യിലുണ്ടായിരുന്നു. എന്നാൽ മറ്റ് തിരിച്ചറിയാനുള്ള യാതൊന്നും യുവാവിന്റെ പക്കൽ നിന്ന് ലഭ്യമായിട്ടില്ല.
നിലവിൽ ഇൻഡ്യൻ ശിക്ഷാ നിയമം 324 വകുപ്പ് പ്രകാരം കേസെടുത്തതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും കാസർകോട് റയിൽവേ പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. യുവാവ് ഉത്തരേന്ത്യൻ സ്വദേശിയാണെന്നാണ് മനസിലാവുന്നതെന്നും 25 നും 30 നും പ്രായം തോന്നിക്കുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.