രാത്രിയിൽ ഞാനും വീട്ടിൽ വന്ന് കിടക്കാമെന്ന് യുവതിയോട് സി പി എം നേതാവ്, ഇനിയുമുണ്ട് ലീലാവിലാസങ്ങൾ ഏറെ, പൊലീസ് മുക്കിയെങ്കിലും പരാതി കമ്മിഷണർ പൊക്കി
തിരുവനന്തപുരം: വാടക വീട് തരപ്പെടുത്താൻ സഹായം തേടിയ യുവതിയോട് സി പി എം നേതാവ് അപമര്യാദയായി പെരുമാറിയെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമുള്ള പരാതി പൊലീസ് ഒതുക്കിത്തീർത്തെന്ന സംഭവത്തിൽ അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മിഷണറുടെ ഉത്തരവ്. യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി കേസെടുക്കാനാണ് പേരൂർക്കട പൊലീസിനോട് കമ്മിഷണർ ആവശ്യപ്പെട്ടത്. ഇതുപ്രകാരം മൊഴിയെടുക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.ജൂലായ് 13നായിരുന്നു യുവതിക്ക് ദുരനുഭവമുണ്ടായത്. നഗരത്തിലെ സ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവതിയാണ് നേതാവിനെതിരെ പരാതി നൽകിയത്. വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലിചെയ്യാൻ സ്ഥാപനം ആവശ്യപ്പെട്ടതോടെയാണ് യുവതി ബ്രോക്കർ കൂടിയായ സി പി എം നേതാവിനെ സമീപിച്ചത്. പേരൂർക്കടയിൽ വീടുകാണിക്കാൻ കൂട്ടിക്കൊണ്ടുപോയശേഷം നേതാവ് അപമര്യാദയായി പെരുമാറിയെന്നും അശ്ളീലച്ചുവയോടെ സംസാരിച്ചെന്നുമാണ് യുവതി പരാതി നൽകിയത്.നേതാവിന്റെ അടുത്തുനിന്ന് ഓടിരക്ഷപ്പെട്ട യുവതി പേരൂർക്കട പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. എന്നാൽ പരാതി സ്വീകരിക്കാൻ തയ്യാറാകാത്ത പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതി ആരോപിക്കുന്നത്. പരാതി നൽകി പത്തുദിവസത്തിനുശേഷമാണ് രസീത് നൽകാൻ തന്നെ പൊലീസ് തയ്യാറായത്. പരാതി ലഭിച്ചിട്ടും നേതാവിനെതിരെ ഇതുവരെ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായിട്ടുമില്ല. പാർട്ടി ഉന്നതരുടെ ഇടപെടൽ ഇതിന് പിന്നിലുണ്ടെന്നും ആരോപണമുണ്ട്.വീട് എടുത്തുതന്നില്ലേ. ഇനിമുതൽ രാത്രി ഇവിടെ വന്നുകിടക്കാമെന്ന് നേതാവ് പറഞ്ഞു. ഇതുകേട്ടതോടെ റോഡിൽ വച്ച് അയാളെ ചീത്തവിളിച്ചു. അപ്പോൾ നേരത്തേ പറഞ്ഞത് അയാൾ ആവർത്തിച്ചു. തുടർന്ന് ഭീഷണിപ്പെടുത്തലായി. യുവതിയുടെ വീട് എവിടെയാണെന്ന് അറിയാമെന്നും സൂക്ഷിച്ചില്ലെങ്കിൽ അവിടെ വരുമെന്നും പറഞ്ഞു. അയൽപക്കത്തെ വീട്ടുകാരോട് സംഭവത്തെക്കുറിച്ച് പറഞ്ഞപ്പോൾ അയാൾ കുറച്ചാനാൾ മുമ്പ് പതിമൂന്നുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതും അത് പ്രശ്നമായതും വീട്ടുകാർ പറഞ്ഞു. തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിലെത്തിയത്. അപ്പോഴും മൊബൈൽഫോണിൽ വിളിച്ച് നേതാവ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.