ന്യൂദൽഹി: ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കത്തിച്ച കേസിലെ പ്രതികളുടെ മൃതദേഹം സംസ്കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. തിങ്കളാഴ്ച രാത്രി എട്ട് മണി വരെ മൃതദേഹം സംസ്കരിക്കരുതെന്നാണ് കേസ് അടിയന്തിരമായി ഇന്നലെ പരിഗണിക്കവെ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
പ്രതികളുടെ മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടത്തിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യണമെന്നും, റെക്കോര്‍ഡ് ചെയ്ത വീഡിയോ റജിസ്ട്രോര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കണമെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരത്തിനു മുമ്പായി വിഡിയോ സിഡിയിലോ, പെന്‍ഡ്രൈവിലോ പകര്‍ത്തി മഹബൂബ് നഗര്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ജഡ്ജി മുമ്പാകെ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് മഹബുബ് നഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലെ ഫൊറന്‍സിക് വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്. കേസ് തിങ്കളാഴ്ച രാവിലെ 10.30 യ്ക്ക് കോടതി വീണ്ടും പരിഗണിക്കും. പ്രതികളെ തെളിവെളുപ്പിനായി കൊണ്ടുവന്നപ്പോള്‍ പോലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെടുന്നതിനിടെ നാലു പേരെയും വെടിവെച്ചു കൊന്നുവെന്നാണ് പോലീസ് ഭാഷ്യം. പ്രതികളായ മുഹമ്മദ ആരിഫ്(26), ജോളു ശിവ(20), ജോളു നവീന്‍(20), ചിന്ദാകുന്ദ ചെന്നകേശവലു(20) എന്നിവരാണ് പോലീസുമായി നടത്തിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.