ഇതരമതസ്ഥയെ പ്രണയിച്ച യുവാവിനെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളി; യുവതിയുടെ ബന്ധുക്കള്‍ അറസ്റ്റില്‍
ബെംഗളൂരു: കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ ഇതരമതസ്ഥയെ പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളി. 24 കാരിയുമായ മുസ്ലിം യുവതിയുമായുള്ള പ്രണയത്തെ തുടര്‍ന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്. സെക്യൂരിറ്റി ജീവനക്കാരനായ രവി(34)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ കര്‍ണാടക പൊലീസ് അറസ്റ്റു ചെയ്തു.
സിന്ദഗി താലൂക്കിലെ ബാലഗ്നൂരില് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മാവനായ ബന്ദേനവാസ് ഗോട്ടെ (40), സഹോദരന് ഇമാം സാബ് താംബെ (20) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതിന് മറ്റ് ആറ് പേരെ കൂടി കസ്റ്റഡിയിലെടുത്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
രവിയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇയാളുടെ കാലുകളും കൈകളും കെട്ടിയിട്ട നിലയിലായിരുന്നു.രാത്രി എട്ടുമണി കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനാല്‍ ശശിധര്‍ രവിയെ അന്വേഷിച്ചിറങ്ങി. ഫോണില്‍വിളിച്ചെങ്കിലും കിട്ടിയില്ല. അയല്‍വാസികള്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രവിയുടെ ബാഗും ചെരിപ്പും കൃഷിയിടത്തിന് സമീപം കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ തിരച്ചിലില്‍ പ്രദേശത്തെ കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
രവിയെ തന്റെ വീട്ടുകാര്‍ ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്ന വിവരം പെണ്‍കുട്ടി തലേദിവസം പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചിരുന്നതായി ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. രവിയുടെ ജീവന് അപകടത്തിലാണെന്ന് പെണ്‍കുട്ടി തന്നേയും അറിയിച്ചിരുന്നതായി ശശിധറും മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.
ഇരുവരുടെയും ബന്ധത്തെക്കുറിച്ച് ഇരു കുടുംബങ്ങള്‍ക്കും അറിയാമായിരുന്നുവെന്നും യുവതിയുടെ കുടുംബം ബന്ധത്തെ എതിര്‍ത്തിരുന്നുവെന്നും വിജയപുര എസ്.പി എച്ച്. ഡി. ആനന്ദ് കുമാര്‍ പറഞ്ഞു.
മതമാണ് ഇരുവരുടേയും ബന്ധത്തിന് തടസമായി നിന്നതെന്നും രവി ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള ആളായിരുന്നെന്നും പൊലീസ് പറഞ്ഞു. നേരത്തേയും മതത്തിന്റെ പേരില്‍ ഇതേസ്ഥലത്ത് ഒന്നിലധികം കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
ഈ വര്‍ഷം ജൂണില്‍ വിജയപുര ജില്ലയിലെ ദേവര ഹിപ്പരാഗി താലൂക്കില്‍ ഇതരമതസ്ഥയുമായുള്ള പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടിയേയും യുവാവിനേയും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയിരുന്നു.
ദലിത് വിഭാഗത്തില്‍പ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവറായ ബസവരാജ് മടിവളപ്പ ബാഡിഗര്‍ (19), മുസ്ലിം സമുദായത്തില്‍പ്പെട്ട അയല്‍വാസിയായ ഖാനാപൂരില്‍ നിന്നുള്ള ദവല്‍ബി ബന്ദഗിസാബ് തംബഡെ (18) എന്നിവരായിരുന്നു കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ചയാണ് രവിയെ കാണാനില്ലെന്ന് കാണിച്ച് അദ്ദേഹത്തിന്റെ സഹോദരന് ശശിധര്‍ പൊലീസില്‍ പരാതി നല്‍കുന്നത്.
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ രവി പലചരക്ക് സാധനങ്ങള്‍ വാങ്ങാനായി വീട്ടില്നിന്നിറങ്ങിയതാണെന്നും അതിന് ശേഷം മടങ്ങിയെത്തിയിട്ടില്ലെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞത്.