ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സുകുമാരകുറുപ്പ് മോഡൽ കൊലപാതകം, പദ്ധതി പൊളിഞ്ഞത് കുറ്റവാളികൾ കാണിച്ച അതിബുദ്ധി കാരണം
മുംബയ്: 37.5 കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിന് വേണ്ടി മഹാരാഷ്ട്ര സ്വദേശി സ്വയം മരിച്ചുവെന്ന് പറഞ്ഞു പരത്തി. മഹാരാഷ്ട്രയിലെ അഹമദ്നഗറിൽ താമസിക്കുന്ന പ്രഭാകർ ഭിമാജി വാഖ്ചൗരെയാണ് അമേരിക്കയിലെ ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ചത്. 20 വർഷത്തോളമായി അമേരിക്കയിൽ സ്ഥിരം താമസക്കാരനായിരുന്ന പ്രഭാകർ കഴിഞ്ഞ ജനുവരിയിലാണ് ഇന്ത്യയിൽ മടങ്ങിയെത്തുന്നത്. അമേരിക്കയിൽ ആയിരുന്ന അവസരത്തിൽ അവിടുത്തെ ഒരു ഇൻഷുറൻസ് കമ്പനിയിൽ നിന്നും പ്രഭാകർ ഭീമമായ തുകയ്ക്ക് തന്റെ പേരിൽ ഇൻഷുറൻസ് എടുത്തിരുന്നു. ഈ തുക ലഭിക്കുന്നതിന് വേണ്ടിയായിരുന്നു പ്രഭാകറും കൂട്ടാളികളും ചേർന്ന് തട്ടിപ്പ് നടത്തിയത്.പൊലീസ് പറയുന്നത് അനുസരിച്ച് മഹാരാഷ്ട്രയിലെ ഒരു പാമ്പ് പിടുത്തക്കാരന്റെ കൈയിൽ നിന്നും പ്രഭാകറും കൂട്ടാളികളും ചേർന്ന് ഒരു വിഷ പാമ്പിനെ വാങ്ങിച്ചിരുന്നു. അതിനു ശേഷം പ്രഭാകറിന്റെ അതേ രൂപസാദൃശ്യമുള്ള ഒരു വ്യക്തിയെ കണ്ടെത്തുകയും പാമ്പിനെകൊണ്ട് അയാളെ കടിപ്പിച്ച ശേഷം ആശുപത്രിയിൽ പ്രഭാകറിന്റെ പേരിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രിയിൽ വച്ച് മരണമടഞ്ഞ വ്യക്തിയെ പ്രഭാകർ തന്നെ ഏറ്റുവാങ്ങുകയും മരണസർട്ടിഫിക്കറ്റും മറ്റും തയ്യാറാക്കുകയും ചെയ്തു. പ്രഭാകറിന്റെ അനന്തരവൻ പ്രവീൺ ആണെന്ന വ്യാജേനയാണ് ഇയാൾ മൃതദേഹം സ്വീകരിച്ചത്. തുടർന്ന് മരണരേഖകളും ആശുപത്രി രേഖകളും വച്ച് ഇൻഷുറൻസിന് അപേക്ഷിക്കുകയും ചെയ്തു.എന്നാൽ പ്രഭാകറിന്റെ പദ്ധതികളെ തകർത്തു കൊണ്ട് ഇൻഷുറൻസ് ഏജൻസി ക്ലെയിം വിവരം അന്വേഷിക്കുന്നതിന് വേണ്ടി തങ്ങളുടെ ഒരു ഉദ്യോഗസ്ഥനെ ഇന്ത്യയിലേക്ക് അയച്ചു. ഇവിടെയെത്തി സംശയം തോന്നിയ ഉദ്യോഗസ്ഥൻ വിവരങ്ങൾ പൊലീസിനെ അറിയിച്ചു. പൊലീസിന്റെ അന്വേഷണത്തിൽ പ്രഭാകറിന്റെ അനന്തരവൻ പ്രവീൺ മാസങ്ങൾക്കു മുമ്പെ കൊവിഡ് വന്ന് മരണമടഞ്ഞ വ്യക്തിയാണെന്ന് കണ്ടെത്തി. തുടർന്ന് ഫോൺ വിളികളുടെ വിവരങ്ങൾ അടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രഭാകർ ഉൾപ്പെടെ നാലു പേർ പൊലീസിന്റെ പിടിയിലാകുകയായിരുന്നു.മരണമടഞ്ഞ വ്യക്തി അഹമദ്നഗർ സ്വദേശിയായ നവ്നത് യശ്വന്ത് ആനാപ് എന്നയാളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നാലു കൂട്ടാളികൾക്കും കൂടി 35 ലക്ഷം രൂപയാണ് പ്രഭാകർ വാഗ്ദാനം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രഭാകർ കൃത്യം നടത്തുന്നതിന് ഉപയോഗിച്ച പാമ്പിനെ കണ്ടെത്തിയിട്ടുണ്ടെന്നും പാമ്പ് പിടുത്തക്കാരനെതിരെ എന്തെങ്കിലും നടപടികൾ എടുക്കാൻ സാധിക്കുമോ എന്ന് അന്വേഷിക്കുന്നണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.