ഇന്ത്യയിലെ വാക്സിൻ നിർമ്മാണശേഷി വിപുലമാക്കാൻ സഹായവുമായി അമേരിക്ക; ഡിഎഫ്സി വഴി ലഭ്യമാകുക 50 മില്യൺ ഡോളറിന്റെ സഹായസഹകരണം
ഹൈദരാബാദ്: അമേരിക്കയും ഇന്ത്യയും ഉൾപ്പടെ നാല് സുപ്രധാന രാജ്യങ്ങൾ ചേർന്നുളള ക്വാഡ് സഖ്യത്തിലെ വാക്സിൻ ഉടമ്പടി പ്രകാരം ഇന്ത്യയ്ക്ക് വാക്സിൻ നിർമ്മാണ ശേഷി വർദ്ധിപ്പിക്കാൻ കോടികളുടെ സഹായവുമായി അമേരിക്ക. അമേരിക്കയുടെ വികസന ബാങ്കായ യു.എസ് ഇന്റർനാഷണൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ(ഡിഎഫ്സി) സി.ഒ.ഒയായ ഡേവിഡ് മാർചികും ഹൈദരാബാദിലെ ബയോളജിക്കൽ ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായ മഹിമ ദത്ലയും ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടു. ബയോളജിക്കൽ ഇ നിർമ്മാണ സൗകര്യ വികസനത്തിന് അമേരിക്കൻ സർക്കാരിന്റെ സഹായത്തിൽ 50 മില്യൺ ഡോളറാണ് ഡിഎഫ്സി നൽകുക.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടക്കുന്ന ശ്രമങ്ങൾക്കും ഇന്തോ-പസഫിക് മേഖലയിൽ ആരോഗ്യസംരക്ഷണത്തിനും ഇത് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടുന്നത്. ബയോളജിക്കൽ ഇയുമായുളള സഹകരണം വഴി 2022 അവസാനത്തോടെ ഒരു ബില്യണിലധികം ഡോസ് വാക്സിൻ ഇന്ത്യയിൽ നിർമ്മിക്കാനാകുമെന്ന് ഡിഎഫ്സി കണക്കുകൂട്ടുന്നു. 2022 അവസാനത്തോടെ കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടുക എന്നുളള പ്രസിഡന്റ് ബൈഡന്റെ തീരുമാനത്തിനായാണ് ഈ സഹകരണം.