പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവിനെതിരെ ദേശീയപാതയോരത്ത് ബാധയൊഴിപ്പിക്കൽ സമരം; അന്തം വിട്ട് ജനങ്ങൾ
ചെറുവത്തൂർ:ദേശീയപാതയോരത്ത് ബാധയൊഴിപ്പിക്കൽ സമരത്തിൽ അന്തം വിട്ട് ജനങ്ങൾ. പെട്രോൾ, ഡീസൽ, പാചകവാതക വില വർധനയായിരുന്നു വിഷയം. ഇന്ധന വില വർധനവിനെതിരെ വർഷങ്ങളായി ഒറ്റയാൾ സമരത്തിലൂടെ സമൂഹശ്രദ്ധ നേടിയ അശോകൻ പെരിങ്ങാരയാണ് ചെറുവത്തൂർ ബസ് സ്റ്റാൻഡ് പരിസരത്ത് വേറിട്ട സമര രീതി പ്രയോഗിച്ചത്.
വില കുതിച്ചു കയറുന്നതിൽ പ്രതികരിക്കാത്ത പ്രധാനമന്ത്രിയിൽ കൂടിയ ബാധയൊഴിപ്പിക്കാനാണ് വേറിട്ട സമരം നടത്തിയതെന്ന് അശോകൻ പറഞ്ഞു. ഹോമകുണ്ഡ മാതൃകയൊരുക്കി മണികിലുക്കിയാണ് ബാധ ഒഴിപ്പിക്കൽ സമരം നടത്തിയത്. രാവിലെ 10 മുതൽ ഉച്ചവരെയായായിരുന്നു സമരം.
റബർ വില ഇടിഞ്ഞപ്പോഴും ഇദ്ദേഹം ശ്രദ്ധേയമായ ഒറ്റയാൾ സമരം നടത്തിയിരുന്നു. റബർ ഷീറ്റുകൾ തലയിൽ ചുമന്ന് കാലിക്കടവിൽ നിന്നും കാഞ്ഞങ്ങാട് വരെ പ്രതിഷേധ യാത്ര നടത്തിയിട്ടുണ്ട്. തലയിലും നെഞ്ചിലും അടുപ്പ് കൂട്ടിയും ദേഹം കാൻവാസാക്കി ചിത്രം വരച്ചും പ്രതിഷേധങ്ങൾ നടത്തിയ അശോകൻ, നോട് നിരോധന വേളയിൽ കാലിക്കടവിൽ ദേശീയ പാതയോരത്ത് ശവപ്പെട്ടിയിൽ കിടന്നും സമരം നടത്തി ശ്രദ്ധേയനായിരുന്നു. കണ്ണൂർ – കാസർകോട് ജില്ലകളിൽ ചെണ്ടകൊട്ടിയും പയ്യന്നൂർ കണ്ടങ്കാളി സമരത്തിൽ ദേഹത്ത് മണ്ണ് മൂടി ഞാറ് നടൽ നടത്തിയും പ്രതിഷേധത്തിന് ഐക്യദാർഢ്യമേകിയിരുന്നു.
നിരങ്ങൽ സമരം, പിന്നോട്ട് നടക്കൽ സമരം എന്നിവയും ഇദ്ദേഹത്തിൻ്റെ പ്രതിഷേധ മാർഗമാണ്.
എറണാകുളത്തും കണ്ണൂരും കോഴിക്കോട്ടും നടന്ന വ്യത്യസ്ത സമരങ്ങളിലും പങ്കാളിയായിട്ടുണ്ട്. ചീമേനി കാക്കടവിൽ കഴിഞ്ഞ 23 വർഷമായി കഞ്ഞിക്കട നടത്തി വരുന്ന അശോകൻ പെരിങ്ങാര ആറ് രൂപക്ക് കഞ്ഞി നൽകി ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴും കഞ്ഞിക്കടയിലെത്തുന്നവർ, നൽകുന്ന തുകയാണ് വാങ്ങാറ്. ആഴ്ചയിൽ ആറ് ദിവസം കടയിലുണ്ടാവും. ഞായറാഴ്ചയും മറ്റ് അവധി ദിവസങ്ങളിലും സമൂഹത്തിലെ വിവിധ പ്രശ്നങ്ങളിൽ വേറിട്ട പ്രതിഷേധം നടത്താറാണ് പതിവ്.