വീട് പണിക്കിടെ മിന്നലേറ്റു; രണ്ടാം നിലയില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
നേമം: ഇടിമിന്നലേറ്റ് വീണ് യുവാവ് മരിച്ചു. രണ്ടാം നിലയിൽ കെട്ടിടം പണി ചെയ്യുന്നതിനിടെ മിന്നലേറ്റ് താഴെ വീണാണ് ദാരുണാന്ത്യം.
കല്ലിയൂർ കാക്കാമൂല തൊങ്ങൽവിള വീട്ടിൽ കുഞ്ഞപ്പി–വാസന്തി ദമ്പതികളുടെ മകൻ വിനീഷ്(26) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 5.45ഓടെയാണ് സംഭവം. വെടിവച്ചാൻകോവിൽ താന്നിവിള കസ്തൂർബ കേന്ദ്രത്തിന് സമീപം ഗോപിയുടെ വീട് പണിയായിരുന്നു. വീടിന്റെ മുകളിലത്തെ നിലയിലെ ജനൽപാളി തറയ്ക്കുകയായിരുന്നു വിനീഷ്. ഈ സമയം മിന്നലേറ്റ് വിനീഷ് തറയിലേക്കു തലയിടിച്ച് വീഴുകയായിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്.